കടുവയെ തേടി കബനിയിലേക്ക് . ..

555

കബനി ഒരു മോഹമായി മനസ്സിൽ കൂടിയിട്ട് കുറച്ചു നാളായി. ആ മോഹം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും നൂറുവട്ടം സമ്മതം,ഒട്ടുമിക്ക യാത്രകളും ഞങ്ങൾ ആറുപേർ ഒരുമിച്ചാണ് പോവാറുള്ളത് , കാടും മഞ്ഞും കാട്ടു മൃഗങ്ങളെയും കാണുക ഇതൊക്കെ ,ഞങ്ങളുടെ യാത്രകളിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്.
എല്ലാ തവണത്തേയും പോലെ പോവാനുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കേണ്ട ചുമതല എനിക്ക് തന്നെ.
പൂജ അവധിയുടെ 3 ദിവസം ആണ് യാത്രക്കായി തിരഞ്ഞെടുത്തത്. ആദ്യ ദിവസം കബനി തന്നെയാവണം എന്ന് ഞങ്ങൾ മുന്നേ ഉറപ്പിച്ചിരുന്നു ബാക്കിയുള്ള ദിവസങ്ങൾ ഗോപാൽ സ്വാമി ബട്ടേയും, മസിനഗുഡിയുമായി ചിലവഴിക്കാം എന്ന് തീരുമാനിച്ചു. കബനി യാത്രക്ക് വേണ്ട കാര്യങ്ങളെല്ലാം നമ്മുടെ സഞ്ചാരി സുഹൃത്തായ “ബിബിൻ രാമചന്ദ്രൻ” ചേട്ടൻ വിശദമായി പറഞ്ഞു തന്നിരുന്നു , ആ വിവരങ്ങൾ അനുസരിച്ചാണ് ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തതും. അതുപോലെ “രാജു മോഹൻ കോട്ടക്കൽ” ചേട്ടനും കമ്പനിയെ കുറിച്ചു ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ വിവരങ്ങൾ പറഞ്ഞു തന്നു.
: 28-9-17 വ്യാഴാഴ്ച രാത്രി 9 മണിയോടുകൂടി ഞങ്ങൾ 6 പേർ കമ്പനിയിലേക്ക് യാത്ര തിരിച്ചു.ഹോട്ടലുകളിലെ ഭക്ഷണം പരമാവധി ഒഴിവാക്കാൻ സ്വയമായി തന്നെ ഭക്ഷണം കുക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനു വേണ്ടി ഗ്യാസും സ്റ്റവും. പിന്നെ അത്യാവശ്യ സാധനങ്ങളും കയ്യിൽ കരുതാൻ ഞങ്ങൾ മറന്നില്ല. പാട്ടും ബഹളവും പിന്നെ ചെറിയ കലാപരിപാടികളുമൊക്കെയായി ആ യാത്ര നന്നേ ഞങ്ങൾ കൊഴുപ്പിച്ചെടുത്തു, ഞങ്ങളുടെ കൂട്ടത്തിലെ ഏഴാമൻ കോഴിക്കോട് താമരശ്ശേരി നിന്ന് കൂടെകൂടി.
അങ്ങനെ അടിവാരവും കഴിഞ് ഞങ്ങൾ ചുരത്തിലേക്ക് പ്രവേശിച്ചു. ലക്കിടി വ്യൂപോയിന്റിൽ കാർ നിർത്തി,താഴെ നിന്ന് അരിച്ചു കയറുന്ന വാഹങ്ങളെയും ദൂരെ താഴ്വാരത്തിലെ വൈദ്യുതി വെളിച്ചങ്ങളും നോക്കി അൽപനേരം അങ്ങനെ നിന്നു… ഇനിയും പിന്നിടേണ്ട ദൂരം ഓർത്തപ്പോൾ ആ കാഴ്ച്ചയിൽ നിന്നും പിൻവാങ്ങി.. കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ഞാനും വണ്ടിയോടിക്കുന്നവനും ഒഴികെ ബാക്കിയെല്ലാവരും ഉറക്കത്തിലേക്ക് വീണു …

ഗൂഗിൾ അമ്മായിക്ക് തെറ്റുപറ്റിയതാണോ അല്ലെങ്കിൽ ഞങ്ങള്ക് തെറ്റ് പറ്റിയതാണോ എന്നറിയില്ല. കാട്ടികുളത്തു നിന്ന് നേരെ പോവുന്നതിനു പകരം ഞങ്ങൾ കുട്ട പോവുന്ന വഴിയിലേക്ക് തിരിഞ്ഞു.

വഴിയരികിൽ മാനുകൾ മേഞ്ഞു നടക്കുന്നുണ്ട്. വാഹനത്തിന്റെ വെളിച്ചത്തിൽ അവയുടെ കണ്ണുകൾ തിളങ്ങുന്നു., രണ്ടു വലിയ കൊമ്പന്മാരും വഴിയരികിൽ നില്പുണ്ടായിരുന്നു. കുട്ടയിൽ നിന്നും വലതു തിരിഞ് കുറച്ചു പോയപ്പോൾ രണ്ടു വഴി ഒന്ന് നഗർഹോളെയിലേക്കും മറ്റൊന്ന് ഗോണിക്കുപ്പയിലേക്കും ഞങ്ങൾ ഗോണിക്കുപ്പ വഴിയിലേക്ക് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോളാണ് വഴി തെറ്റി എന്ന് മനസിലായത്.പുലർച്ച 5. 30 ആയി വഴി ചോദിക്കാനാണേൽ ആരെയും കാണുന്നില്ല. റോഡിൽ വെരുകുകൾ ഓടിക്കളിക്കുന്ന കാഴ്ച ഇടക്കിടക്ക് കാണാം, അതൊഴിച്ചാൽ വേറെ ഒരു ജീവിയേയും വഴിയിൽ കാണാനില്ല. കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ എതിരെ ഒരു കാർ വരുന്നതുകണ്ടു കാറിനു കൈ കാട്ടി നിർത്തിചു ഞങ്ങളുടെ കൂട്ടത്തിൽ കന്നഡ അറിയാവുന്നവനെ കൊണ്ട് വഴി ചോദിച്ചു മനസിലാക്കി. ഏകദേശം 50 km ഓളം ഞങ്ങൾ വഴി തെറ്റി വന്നിരിക്കുന്നു. അങ്ങനെ വന്ന വഴിയേ വണ്ടി തിരിച്ചു.

നേരം പുലർന്നു തുടങ്ങിയിരിക്കുന്നു.. ഇനിയും വഴി തെറ്റണ്ട കരുതി അവിടെ കണ്ട ഒരു ബൈക്ക് യാത്രികനോട് വീണ്ടും വഴി ചോദിച്ചു. അയാൾ നഗർഹൊളെ പാർക്കിലേക്കുള്ള വഴി കാണിച്ചു തന്ന് പോയി.. നഗർഹൊളെ പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്. മുന്നിൽ ഏതാനും വാഹനങ്ങൾ നിർത്തിയിട്ടുണ്ട്. ഞങ്ങൾ പുറത്തിറങ്ങി . കന്നഡ അറിയാവുന്ന സുഹൃത്തിനെ ചെക്ക്പോസ്റിലെക് പറഞ്‍ വിട്ട് ഞാൻ അവിടുത്തെ പ്രഭാത കാഴ്ചകളിലേക് മുഖം തിരിച്ചു. എങ്ങും കിളികളുടെ ശബ്ദം, അടുത്തു കാണുന്ന പാടത്തെ വരമ്പിലൂടെ മാൻ കൂട്ടങ്ങൾ വരി വരിയായി നടന്നു നീങ്ങുന്നുണ്ട്,എല്ലാം ആസ്വദിച്ചുകൊണ്ട് കുറച്ചു നേരം അങ്ങനെ നിന്നു.

നഗർഹൊളെ വഴി പോവാൻ ഞങ്ങളെ ഫോറെസ്റ്റുകാർ അനുവദിച്ചില്ല പകരം ബാവലി വഴി പോവാൻ ആവശ്യപ്പെട്ടു. സമയം കളയാൻ ഇല്ലാത്തതുകൊണ്ട് ഞങ്ങൾ വണ്ടി തിരിച്ചു, അങ്ങനെ കുട്ടയും കഴിഞ് വീണ്ടും വയനാടൻ കാടുകളിലേക്ക് ഞങ്ങൾ പ്രവേശിച്ചു
മനോഹരമായ കാട്, മാന്കൂട്ടങ്ങൾ അങ്ങിങ്ങായി മേയുന്നുണ്ട് പോവുമ്പോൾ രാത്രി കണ്ട കൊമ്പന്മാരെ അന്വേഷിച്ചിട്ടും കാണാൻ കഴിഞ്ഞില്ല അവന്മാർ കാട് കയറിയിരുന്നു..
ബാവലിയും പിന്നിട്ട് ഞങ്ങൾ രാജീവ്ഗാന്ധി നാഷണൽ പാർക്കിലേക്ക് പ്രവേശിച്ചു. മനോഹരമായ കാട് നീണ്ടു നിവർന്നു കിടക്കുന്ന കാനന പാത., ഇടയ്ക്കു കാണുന്ന കൃഷിസ്ഥലങ്ങളിൽ കാവലിനായി കെട്ടിയ ചെറിയ ഏറുമാടങ്ങൾ, വഴിയിൽ കഴിഞ്ഞ രാത്രി ആനകൾ കാട്ടിക്കൂട്ടിയ കുറുമ്പിന്റെ തെളിവുകൾ,ഇരുവശത്തും മാനുകളും കാട്ടുപോത്തുകളും ധാരാളo.. പ്രഭാത കാഴ്ചകൾ മനോഹരം തന്നെ, എല്ലാം ആസ്വദിച് ഞങ്ങൾ മറുവശത്തെ ചെക്ക്പോസ്റിലെത്തി,
അവിടെവെച്ചു ഫോറെസ്റ് ഉദ്യോഗസ്ഥൻ ഞങ്ങളെ തടയുവാൻ ഇടയായി ഒരു സ്ലിപ് കാണിക്കുവാൻ ആവശ്യപ്പെട്ടു, പാർക്കിലേക് കടക്കുമ്പോൾ
ഒരു സ്ലിപ് എടുക്കണമായിരുന്നു നമ്മൾ എന്ററി ചെയ്ത സമയം വണ്ടി നമ്പർ എല്ലാം അതിൽ ഉണ്ടാവും. അങ്ങെനെ ഒരു സംഭവം ഞങ്ങൾക്കു അറിയില്ലായിരുന്നു,സ്ലിപ് തരാൻ ആരെയും വരുമ്പോൾ ഞങ്ങൾ കണ്ടതുമില്ല. ഞങ്ങളോട് തിരിച്ചുപോയി സ്ലിപ് എടുക്കാൻ അവർ ആവശ്യപ്പെട്ടു പിന്നെ കയ്യും കാലും പിടിച് ഒരു 300Rs കാര്യം അവസാനിപ്പിചു.

ധമ്മനകട്ടെ എന്ന സ്ഥലത്താണ് കബനി സഫാരിക്ക് ടിക്കറ്റ് എടുക്കുന്നത്, ഉച്ചതിരിഞ്ഞുള്ള സഫാരിക്ക് രാവിലെ 10 മണിക് ടിക്കറ്റ് എടുക്കണം,അതുപോലെ രാവിലെ ഉള്ള സഫാരിക്ക് തലേ ദിവസം 4pm മണിക് ടിക്കറ്റ് കൊടുക്കും.വളരെ കുറച്ചു മാത്രമേ സീറ്റ് ഉള്ളു അതുകൊണ്ട് ആദ്യം ക്യു നിന്നാൽ മാത്രമേ ടിക്കറ്റ് കിട്ടുള്ളു.300 rs ആണ് ഒരാൾക്കു ചാർജ്,id കാർഡ് നിർബന്ധമായും ഉണ്ടാവേണ്ടതാണ്. ഞങ്ങൾ എത്തുമ്പോൾ അധികം ആരും അവിടെ ഉണ്ടായിരുന്നില്ല ക്യു നില്ക്കാൻ ശ്രമിച്ചപ്പോൾ പൂജ ആണെന്നും എല്ലാരോടും പുറത്തു പോവാനും ആവശ്യപ്പെട് ഞങ്ങളെ പുറത്താക്കി ഗേറ്റ് അടച്ചു. പിന്നീടുള്ള കാത്തുനില്പ് ഗേറ്റിനു പുറത്തായി. ഞങ്ങളെ കൂടാതെ വലിയ വലിയ ക്യാമെറകളുമൊക്കെയായി നമ്മുടെ മലയാളി ചേട്ടൻമാർ എത്തിക്കൊണ്ടിരുന്നു. എല്ലാരുമായി പരിചയപ്പെട്ടു. സമയം 10 മണി ഗേറ്റ് തുറക്കാനായി ഒരു അക്ക ചിരിച്ചോണ്ട് വരുന്നു. നമ്മുടെ തൃശൂർ രാഗം തീയേറ്റർ ഗേറ്റ് തുറക്കാൻ പോവുന്ന ആ ഒരു ഫീൽ. ഗേറ്റ് തുറന്നതും കൗണ്ടറിലേക്ക് ഓടി,, വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ വൈകുന്നേരത്തേക് 7 സീറ്റ് ഒപ്പിച് പുറത്തിറങ്ങി.

ഇനിയുള്ള കാര്യം താമസസ്ഥലം കണ്ടുപിടിക്കലാണ്. അവിടെ വച് പരിചയപ്പെട്ട ചേട്ടന്മാർ കബനി ഡാമിന്റെ അടുത്തു റൂം ശരിയാക്കി തന്നു. ദമ്മനാകട്ടെ നിന്നും 10 km മുകളിൽ കാണും റൂമിലേക്ക് , പോവുന്ന വഴിയ്ക്കു ഇരുവശവും മനോഹരമായ വലിയ കൃഷിയിടങ്ങൾ നീണ്ട നല്ല റോഡ് ഇടക്കിടക്ക് സ്പീഡ് ബ്രേക്കർ പോലെ റോഡിനു നടുവിൽ കന്നുകാലികൾ .താമസസ്ഥലത്തു ചെന്ന് രണ്ട് റൂം എടുത്ത് ഫ്രഷ് ആയി ഒന്ന് ഉറങ്ങാൻ കിടന്നു.
3 Pm ആയപ്പോൾ എഴുന്നേറ്റ് പിന്നേം സഫാരി സ്ഥലത്തേക്കു പുറപ്പെട്ടു.. ഞങ്ങൾ എത്തുമ്പോളേക്കും അവിടെ വലിയൊരു വരി തന്നെ ഉണ്ടായിരുന്നു. പിറ്റേ ദിവസം രാവിലത്തെ ടിക്കറ്റിനുള്ള വരി. ഞങ്ങൾക്കും ടിക്കറ്റ് എടുക്കണം, ടിക്കറ്റ് കിട്ടുമോ എന്നുള്ള സംശയം ഉണ്ടായിരുന്നു റിസ്ക് എടുക്കാൻ നിന്നില്ല 4 മണിയായപ്പോൾ ഞങ്ങൾ മനോഹരമായി കുമ്മനമടിച്ചു വരിയിൽ കയറി രാവിലത്തെ സീറ്റ് ഒപ്പിച്ചെടുത്തു. ഇടയിൽ കയറിയതിനു വരിയുടെ പിന്നിൽ നിന്ന് ഞങ്ങള്ക് അപാര തെറിയായിരുന്നെന്ന് നമ്മുടെ മലയാളി ചേട്ടന്മാർ പറഞ്ഞു,പിന്നെ…. ചെയ്തത് പോക്കിരിത്തരമായതിനാൽ കാര്യമാക്കിയില്ല.

ഉച്ചതിരിഞ്ഞുള്ള സഫാരിക്ക് പോവാനുള്ള ഞങ്ങളുടെ ബസ് വന്നു. മുൻവശത്തെ സീറ്റുകളിലെല്ലാം ഫോട്ടോഗ്രാഫർ ചേട്ടന്മാർ സ്ഥലം പിടിച്ചിരിക്കുന്നു. ചെറിയ ക്യാമെറയാണെങ്കിലും ഫോട്ടോ എടുക്കേണ്ടതുകൊണ്ട് ഒരു വിന്ഡോ സീറ്റ് നോക്കി ഞാനും ചാടിക്കയറി ഇരുന്നു.

ഞങ്ങളുടെ ബസ് കാട്ടിലേക്കു പ്രവേശിച്ചു, കഴിഞ്ഞ ദിവസത്തെ സഫാരിയിൽ മുക്കാൽ മണിക്കൂറോളം ഒരു കടുവ വഴിയിൽ കിടപ്പുണ്ടായിരുന്നെന്ന് കേട്ടിരുന്നു അതുകൊണ്ട് ഒരുപാട് പ്രതീക്ഷിച്ചുള്ള യാത്രയായിരുന്നു അത്. രണ്ട് സഫാരി സോണുകൾ ഉണ്ട് അവിടെ,ഞങ്ങൾ റിവർ സോണിലേക്കാണ് പോയത്.മനോഹരമായ കാടും കാട്ടുവഴികളും, എങ്ങും മാന്കൂട്ടങ്ങൾ ഇടക്ക് കാട്ടിയും , മ്ലാവും ദൂരെ ഒരു കൊമ്പനും പക്ഷെ പ്രതീക്ഷിച്ചതിനെയൊന്നും ഞങ്ങള്ക് അവിടെ കാണാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ആ കാട്ടിലൂടെയുള്ള യാത്ര നല്ലൊരനുഭവം തന്നെ, ജംഗിൾ ലോഡജിലെ ജീപ്പുകൾ തലങ്ങും വിലങ്ങും പോവുന്നുണ്ട്, അവർക്കും കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ല എന്നാണ് അറിയാൻ കഴിഞ്ഞത് സഫാരി കഴിഞ് തിരിച്ചെത്തി പുലിയെ കാണാൻ പറ്റാത്ത വിഷമം പറഞ്ഞിരിക്കുമ്പോളാണ് ഫോട്ടോഗ്രാഫർ ചേട്ടന്മാർ ആൽബിനോയെ കണ്ടില്ലേ എന്ന് ചോദിക്കുന്നത്.
ആൽബിനോ ഡീർ, വെള്ള മാനിനെയാണ് ആൽബിനോ ഡീർ എന്ന് വിളിക്കുന്നത്. വളരെ അപൂർവമായേ ഇതിനെ കാണാൻ പറ്റുകയുള്ളു. എന്തോ ഒരു അസുഖം ആണ് ഇതിനു കാരണം എന്നാണ് അവർ പറഞ്ഞത്. സഫാരിയിൽ അവനെ കണ്ടിരുന്നെങ്കിലും ഇത്ര വല്യ പുള്ളിയാണെന്ന് അറിഞ്ഞിരുന്നില്ല എന്തായാലും ആദ്യത്തെ സഫാരി വെറുതെയായില്ല.
ഞങ്ങളുടെ അടുത്ത പരിപാടി കുക്കിംഗ് ആണ് റൂമിലേക്ക് പോവും വഴി കോഴിയും മുട്ടയും ബ്രെഡുമൊക്കെ വാങ്ങിചു പിന്നെ അവിടെയൊക്കെയൊന്ന് കറങ്ങി നേരെ റൂമിലേക്ക്…..റൂമിനു താഴെ ഞങ്ങൾ അവരുടെ അനുവാദത്തോടു കൂടി കുക്കിംഗ് ആരംഭിച്ചു.
ചെറിയ തണുപ്പ് അനുഭവപ്പെടുന്നുണ്ട്, ആ ഗ്രാമം ഉറങ്ങാൻ കിടക്കുമ്പോളും ഞങ്ങൾ അവിടെ കുക്കിംഗ് തുടർന്നുകൊണ്ടേ ഇരുന്നു..കൂട്ടുകാരുമൊത്ത് ഇങ്ങനെയുള്ള നിമിഷങ്ങൾ എന്നും ഓർമകളിൽ തങ്ങി നിൽക്കുന്ന അനുഭവങ്ങളാണ്.ഭക്ഷണത്തിനു ശേഷം എല്ലാരും ഉറങ്ങാൻ കിടന്നു

രാവിലെ നേരത്തെ എല്ലാരേയും വിളിച്ചുണർത്തി നേരെ സഫാരി സ്ഥലത്തേക്കു തിരിച്ചു ഞങ്ങൾ അവിടെ എത്തുബോൾ 5. 45 am ആയിരുന്നു. ഞങ്ങള്ക് മുന്നേ വന്ന് എല്ലാരും ബസിൽ സീറ്റ് പിടിച്ചിട്ടുണ്ട്. നേരം പുലരുന്നെ ഉള്ളു. ദൂരെ
ചുവന്ന ചായം വാരി വിതറി സൂര്യൻ….
ബസിലെ അവസാന സീറ്റുകളിൽ ഞങ്ങൾ കയറിയിരുന്നു. 6 മണിയായപ്പോൾ സഫാരി തുടങ്ങി. കാട്ടിലേക്ക് കയറിയതും വലിയൊരു കൊമ്പൻ അരികിൽ നിൽക്കുന്നു ഞങ്ങളെ കണ്ടതും ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയിട്ട് കാട്ടിലേക്ക് മറഞ്ഞു. വഴിയരികിൽ എങ്ങും മാനുകൾ മാത്രം. വെളിച്ചം കുറവായതു എന്റെ ഫോട്ടോ എടുപ്പിനു കുറച്ചു ബുദ്ധിമുട്ടായിത്തോന്നി. എല്ലാരുടെയും കണ്ണുകൾ കാട്ടിലേക്ക് തന്നെ… അപ്പോഴതാ ദൂരെ വഴിയിൽ എന്തോ കാണുന്നുണ്ടു …. അത് കടുവയോ പുലിയോ മറ്റോ ആണെന്ന് തോന്നുന്നു ഡ്രൈവർ വേഗം അതിനടുത്തേക് പാഞ്ഞു.. അതെ അതൊരു പുലിയാണ് എല്ലാര്ക്കും സന്തോഷം, വണ്ടിയിലുള്ള നോർത്ത് ഇന്ത്യൻ സുന്ദരികൾ ലേപാർഡ് എന്ന് പറഞ്‍ ആശ്ചര്യപ്പെട്ടു നിൽക്കുന്നു. ബസിൽ നിന്ന് തുരുതുരാ ക്യാമറ ഷട്ടറുകൾ തുറന്നടക്കുന്ന ശബ്ദം. ബസിന്റെ മുൻഭാഗം മുഴുവനും ഒരു പഴുതുപോലും ഇല്ലാതെ ഫോട്ടോഗ്രാഫേഴ്സ് കയ്യടക്കി. ഒരു ഫോട്ടോ പോലും എടുക്കാൻ പറ്റാതെ ക്യാമറയും പിടിച് അങ്ങോട്ടും ഇങ്ങോട്ടും ഞാൻ ഓടിക്കൊണ്ടിരുന്നു. അവസാനം രണ്ടും കല്പിച് സീറ്റിൽ നിന്ന് വിന്ഡോ ഉള്ളിലൂടെ ശരീരത്തിന്റെ പകുതി ഭാഗവും പുറത്തിട്ട് പടം പിടുത്തം തുടങ്ങി. എങ്ങാനും താഴെ വീണാൽ പുലിക്ക് അന്നത്തെ ബ്രേക്ഫാസ്റ് ഞാനാവും.
പുലിയാണേൽ ഞങ്ങളെയൊന്നും മൈൻഡ് ചെയ്യാതെ ഒരു രാജകീയ നടത്തം ഇടക്ക് കനത്തിൽ ഒന്ന് മുരണ്ടു. കുറച്ചു നേരം ഞങ്ങള്ക് ദർശനം തന്ന് അവൻ കാട്ടിലേക്കു കയറി.
അങ്ങനെ ആദ്യമായി എന്റെ ക്യാമറക്കു പുലിയെ കിട്ടി,വലിയ ഗുണമുള്ള ഫോട്ടോ അല്ലെങ്കിലും ഒരുപാട് നാളത്തെ ആഗ്രഹമായതുകൊണ്ട് എന്റെ സന്തോഷം വളരെ വലുതായിരുന്നു.ഇനി ഒരു കടുവയെയാണ് കാണേണ്ടത് അതുകൊണ്ട് കടുവയെ തിരഞ് കാട്ടിലേക്കു കയറി… മാനുകളും മയിലുകളും ഒഴിച് വേറെ ഒന്നിനേയും പിന്നീട് കണ്ടില്ല. ആ ഒരു പുലിയെ കണ്ട് തൃപ്തിപ്പെട്ടു ഞങ്ങൾ സഫാരി അവസാനിപ്പിച്ചു. ഞങ്ങൾ തിരിച്ചെത്തിയപ്പോൾ സഫാരി കൗണ്ടറിൽ നിറയെ ആളുകൾ, നേരത്തെ തന്നെ ക്യു നില്ക്കാൻ തുടങ്ങിയിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫേഴ്സ് വീണ്ടും ക്യു നില്ക്കാൻ പോയി,അവർ 2 ദിവസംകൂടി ഇവിടെത്തന്നെയുണ്ട്, ഇനിയൊരിക്കൽ കാണാമെന്നു പറഞ്‍ അവരോടും യാത്ര പറഞ്‍ ഞങ്ങൾ തിരിച് റൂമിലേക് പോയി, അവിടെ ഭക്ഷണവും ഉണ്ടാക്കി കഴിച്, ഫ്രഷ് ആയി റൂം ചെക്ക് ഔട്ട് ചെയ്തു. അടുത്ത ലക്ഷ്യം ഗോപാൽസ്വാമി ബെട്ട ആയിരുന്നു. മുത്തങ്ങ വഴിയാണ് പോവാൻ തീരുമാനിച്ചത്. തിരിച് കാട്ടിക്കുളം വന്ന് കുറുവ ദ്വീപ് പോവുന്ന വഴി പോയാൽ സുൽത്താൻ ബത്തേരി എത്തും. അവിടെ നിന്ന് മുത്തങ്ങയിലേക്ക് ഞങ്ങൾ കയറി. മുടക്കു ദിവസമായതിനാൽ എങ്ങും ടൂറിസ്റ്റുകളുടെ തിരക്ക്. മനോഹരമായ കാട്ടുപാത ആണെങ്കിലും വാഹനങ്ങളുടെ തിരക്ക് ഞങ്ങളെ നന്നേ മുഷിപ്പിച്ചു.
നൂൽഹൊളെ കാട്ടിൽ വച്ച ഞങ്ങൾ രണ്ടു പേരെ കാണാൻ ഇടയായി. ബൈക്ക് യാത്രികർ ആണ്. കാട്ടിലെ പാതയോരത്തെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തയാക്കുകയായിരുന്നു അവർ
അതും നമ്മുടെ മലയാളികൾ ഒരുപാട് സന്തോഷം തോന്നി അത് കണ്ടപ്പോൾ. അവര്ക് നന്മ വരട്ടെ…
ഗുണ്ടൽപേട്ട് പിന്നിട്ട് ഞങ്ങൾ ഗോപാൽസ്വാമി ബട്ടെ റോഡിലേക്കു തിരിഞ്ഞു, ദൂരെ കാണുന്ന മലയിലേക്ക് നീണ്ടു നിവർന്നു കിടക്കുന്ന പാത ഇരുവശത്തും കൃഷിയിടങ്ങൾ.4 pm കൂടി ഞങ്ങൾ താഴ്വാരത്തെത്തി , ടൂറിസ്റ്റുകളാൽ താഴ്‌വാരം നിറഞ്ഞിരുന്നു. മലമുകളിലേക് കർണാടക gvt ബസ് മാത്രമേ കടത്തി വിടുകയുള്ളു, ഞങ്ങൾ കാർ പാർക്ക് ചെയ്ത് ആദ്യം കണ്ട ബസിൽ സീറ്റ് പിടിച്ചു, പെട്ടന്ന് തന്നെ ബസ് നിറഞ്ഞു.ഡ്രൈവർ ഞങ്ങളെയും കൊണ്ട് പുറപ്പെട്ടു, വളരെ വീതി കുറഞ്ഞ വഴി കുത്തനെയുള്ള കയറ്റം. അതുകൊണ്ടുതന്നെ വളരെ പതുക്കെയാണ് ബസ് പൊയ്ക്കൊണ്ടിരുന്നത്. ബന്ദിപ്പൂർ ടൈഗർ റിസേർവിന്റെ സുന്ദരമായ ആകാശക്കാഴ്ച്ച കാണേണ്ടത് തന്നെയാണ്. മലമുകളിലെ ഗോപാൽസ്വാമി അമ്പലത്തിൽ സന്ദര്ശകരെകൊണ്ട് നിറഞ്ഞിരിക്കുന്നു, അമ്പലത്തിന്റെ പരിസരം വിട്ട് എവിടേക്കു പോവാനും ഫോറെസ്റ് ഉദ്യോഗസ്ഥർ അനുവദിക്കില്ല. ബന്ദിപ്പൂർ ടൈഗർ റിസേർവിന്റെ ഭാഗമായതുകൊണ്ടാണിത്. അമ്പലത്തിന്റെ സമീപത്തുപോലും കാട്ടാനകൾ ഇറങ്ങിയതിന്റെ അടയാളങ്ങൾ കാണാം, ചുറ്റും പച്ചവിരിച്ച പുൽമേടുകൾ അതിൽ അങ്ങിങ്ങായി മേഞ്ഞു നടക്കുന്ന മ്ലാവിൻ കൂട്ടങ്ങൾ,തണുത്ത കാറ്റ് എല്ലാം വേണ്ടുവോളം ആസ്വതിച് ഞങ്ങൾ മലയിറങ്ങി.
ഇനി മസിനഗുഡിയിലേക്കുള്ള യാത്ര, ബന്ദിപ്പൂർ കവാടം കഴിഞ് കാട്ടിലേക്കു കടന്നു വാഹനങളുടെ നല്ല തിരക്ക്, ബന്ദിപ്പൂർ സഫാരി സ്ഥലത്തും സന്ദര്ശകരുടെ തിരക്കുണ്ട്. ബന്ദിപ്പൂർ പിന്നിട്ട് ഞങ്ങൾ മുതുമല കാട്ടിലേക്കു കയറി. കുറച്ചു ദൂരം കഴിഞ്ഞപ്പോളേക്കും വാഹനങ്ങളുടെ നീണ്ട നിര,, ബ്ലോക്കിൽ പെട്ടു കിടക്കുകയാണ്, അങ്ങോട്ടും ഇങ്ങോട്ടും ഒരു വാഹനം പോലും പോവുന്നില്ല. ഞങ്ങൾ മുക്കാൽ മണിക്കൂറോളം ഒരടിപോലും നീങ്ങാതെ നിന്നു. നേരം ഇരുട്ടി തുടങ്ങി, ചെറുതായി മഴ ചാറുന്നുണ്ട്. ഞങ്ങളുടെ പിന്നിലായി കണ്ണെത്താ ദൂരത്തോളം വാഹനങ്ങളുടെ നീണ്ട നിര. അവസാനം ഗതി കേട്ട് ഞങ്ങളിൽ നാലുപേർ എന്താ സംഭവമെന്ന് അറിയാനായി
പുറത്തിറങ്ങി, ഞാൻ അവരെ വിലക്കി കാടാണ് ഇരുട്ടുകയും ചെയ്തു . പറഞ്ഞത് കേൾക്കാതെ അവർ സംഭവം അന്വേഷിക്കാൻ പോയി.30മിനിറ്റ് ഓളം ഞങ്ങൾ വീണ്ടും അതെ കിടപ്പ് കിടന്നു.അതിനു ശേഷം. വാഹനങ്ങൾ നീങ്ങിത്തുടങ്ങി. കാര്യം നോക്കാൻ പോയവരെ കാണാനില്ല ഞങ്ങൾ അങ്ങനെ അരിച്ചരിച് തോപ്പക്കാട് ജംഗ്ഷനിൽ എത്തി അവിടെയതാ നമ്മുടെ നാലെണ്ണം ട്രാഫിക് നിയന്ത്രിക്കുന്നു.കൂടെ ഫോറെസ്റ്റുകാർ ഉണ്ട്,എന്നാലും
ഒരുപടി മുന്നിൽ തന്നെ ഞങ്ങളുടെ ഹീറോസ്, കാർ അടുത്തെത്തിയപ്പോൾ ഫോറെസ്റ്റുകാർക് റ്റാറ്റാ കൊടുത്തു അവന്മാർ കാറിൽ കയറി. മസിനഗുടിയെത്തി ആദ്യം കണ്ടത് ഹരീഷ് ചേട്ടനെ ആയിരുന്നു. അവിടെ മുൻപ് റൂം ബുക്ക് ചെയ്തിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് നഷ്ടപ്പെട്ട്. മസിനഗുഡി മുഴുവൻ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു റൂം പോലും വേക്കൻസി ഇല്ല.ആ രാത്രി കാറിൽ തന്നെ കിടക്കാൻ തീരുമാനിച്ചതാണ് ഞങ്ങൾ പക്ഷെ ടൌൺ വിട്ട് എവിടേലും കിടന്നാൽ ആന പണി തരും അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു അങ്ങനെ അവസാനം അലഞ്ഞുതിരിഞ്ഞ ഒരു റൂം കിട്ടി തീരെ വൃത്തി ഇല്ല പിന്നെ ആനയുടെ ചവിട്ടു കൊള്ളുന്നതിലും ഭേദമല്ലേ… എന്ന് കരുതി സഹകരിച്ചു.രാത്രിയിൽ മോയർ വരെ പോവാമെന്നു പ്ലാൻ ചെയ്തിരുന്നു പക്ഷെ ഫോറെസ്റ്റുകാർ പിടിക്കുമോ എന്ന് പേടിച്ചു അത് ഉപേക്ഷിച്ചു.
നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഭക്ഷണം കഴിച്ചു ഞങ്ങൾ വേഗം ഉറങ്ങാൻ കിടന്നു.

പുലർച്ചെ 5 മണിക് എണീറ്റു 5. 30 കൂടി ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായ മോയർ കാട്ടിലേക്കു പുറപ്പെട്ടു. മോയർ കാട്ടിൽ ഒരു മൃഗം പോലും ഇല്ലെന്ന് ഹരീഷേട്ടൻ പറഞ്ഞിരുന്നു അത്രയും അധികം വാഹനങ്ങളാണ് മുടക്ക് ദിവസമായതിനാൽ അത് വഴി പോയിക്കൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെയാണ് എല്ലാരും എഴുന്നേൽക്കുന്നതിനു മുൻപ് തന്നെ ഞങ്ങൾ മോയറിലേക്ക് പുറപ്പെട്ടത്. കാറിന്റെ വെളിച്ചത്തിൽ രണ്ട്മൂന്ന് മുയലും കാട്ടുപോത്തും അല്ലാതെ വേറെ ഒന്നിനേം കാണാൻ കഴിഞ്ഞില്ല. മോയർ എത്തി ആ ഗ്രാമം ഒന്ന് ചുറ്റി കറങ്ങി. തിരിച് മോയർ ഡാമിന്റെ അടുത്തെത്തിയപ്പോളേക്കും സഞ്ചാരികൾ വന്നു തുടങ്ങിയിരുന്നു. ഞങ്ങൾ മോയറിലെ കാഴ്ചകൾ മതിയാക്കി മസിനഗുഡിയിലെക് തിരിച്ചു, മുൻപ് പല തവണ വന്നപ്പോളും മാനുകളെ കൊണ്ട് നിറഞ്ഞു നിൽക്കുന്ന കാഴ്ച സമ്മാനിച്ച ഈ കാട്ടിൽ ഇപ്പോൾ ഒരു പൂച്ചക്കുഞ്ഞുപോലും ഇല്ല. അങ്ങനെ നിരാശയോടുകൂടി മടങ്ങുമ്പോൾ അതാ കുറ്റിച്ചെടിയിൽ നിന്ന് ഒരാൾ തല പൊന്തിച്ചു നോക്കുന്നു. ഒരു അനുഗ്രഹം എന്നോണം ഞങ്ങള്ക് മുന്നിൽ ഒരു കരടികുട്ടൻ പ്രത്യക്ഷപെട്ടു. ക്യാമറ എടുത്ത് ക്ലിക്കാൻ തുടങ്ബോഴേക്കും തമിഴ്‌നാട് gvt ബസ് വന്ന് നീട്ടി ഒരു ഹോൺ അടിച്ചു. കണ്ട് കൊതി തീർന്നില്ല അതിനു മുമ്പേ അവൻ കുറ്റികാട്ടിലേക് വലിഞ്ഞു. കരടി ഉണ്ടെന്ന് കേട്ട് അവിടെ വാഹനങ്ങളുടെ ബഹളം തന്നെ രൂപപ്പെട്ടു. പിന്നെ ഞങ്ങള്ക് അവിടെ നില്ക്കാൻ തോന്നിയില്ല നേരെ ശിങ്കാര റോഡിലേക്ക്. അവിടെയും കാര്യമായ കാഴ്ച്ചകൾ ലഭിച്ചില്ല. റൂമിൽ ചെന്ന് ഫ്രഷ് ആയി ഭക്ഷണവും കഴിച് നേരെ ഊട്ടി വെച്ചു പിടിച്ചു. ഊട്ടിയിൽ എത്തിയതും കനത്ത കോട മഞ്ഞാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. മതിവരുവോളം കോടമഞ്ഞു മേലാകെ പുണരുന്നതും ആസ്വതിച് ഇരുന്നു. കോടനാട് കോത്തഗിരി ആയിരുന്നു ഞങ്ങളുടെ അടുത്ത പ്ലാൻ. പക്ഷെ മഴയും മഞ്ഞും വാഹനങ്ങളുടെ തിരക്കും മൂലം ആ പ്ലാൻ ഞങ്ങൾ ഉപേക്ഷിച്ചു. മാഞ്ഞൂർ മുള്ളി വഴി വീട്ടിലേക് തിരിച് പോവാൻ തീരുമാനിച്ചു.മാഞ്ഞൂർ എത്തുമ്പോഴേക്കും മഴ മാറിയിരുന്നു, എല്ലാര്ക്കും നല്ല വിശപ്പ് തോന്നിത്തുടങ്ങി ഒരുപാട് സമയം കയ്യിലുള്ളതുകൊണ്ട് എവിടെയെങ്കിലും കുക്ക് ചെയ്യാൻ തീരുമാനിച്ചു, മാഞ്ഞൂരിൽ നിന്ന് കോഴിമുട്ടയും ബ്രെഡും വാങ്ങി, അടുത്തത് കുക്ക് ചെയ്യാൻ പറ്റിയ ഒരിടം അന്വേഷിക്കലാണ്. മാഞ്ഞൂർ മുള്ളി പോവുന്ന വഴിയിൽ ഒരു വ്യൂപോയിന്റ് കാണാം ആ സുന്ദരമായ കാഴ്ച കണ്ടുകൊണ്ട് തന്നെ കുക്കിംഗ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹരമായ അനുഭവം ആയിരുന്നു ഞങ്ങൾക്കത്. ചുറ്റും മലനിരകൾ താഴെ മുള്ളി ചുരത്തിന്റെ കാഴ്ച, ചുരത്തിൽ മേയുന്ന കാട്ടുപോത്തുകൾ. ഇടക്ക് ഞങ്ങളെ തലോടിപ്പോകുന്ന കോടമഞ് എല്ലാം ആസ്വതിച്ചുള്ള കുക്കിങ്ങും മത്സരിച്ചുള്ള തീറ്റയും മറക്കില്ല ഒരിക്കലും.എല്ലാം കഴിഞ് 6Pm കൂടി ചുരമിറങ്ങാൻ തുടങ്ങി. ഓരോ വളവിലും ആനയെ പ്രതീക്ഷിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല. പകരം മുകളിൽ നിന്നു കണ്ട കാട്ടുപോത്തുകളെ കാണാൻ സാധിച്ചു.
കേരള അതിർത്തി കഴിഞ്ഞപ്പോളേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. വഴിയരികിൽ കൃഷിയിടങ്ങളിലെ വൈദ്യുത വേലികൾ മിന്നിക്കൊണ്ടിരിക്കുന്നു. ആളൊഴിഞ്ഞ ഭാഗത്തു കാർ നിർത്തി കുറച്ചു നേരം നിലാവും കണ്ടിരുന്നു.പിന്നീട് എല്ലാത്തിനോടും വിടപറഞ് തിരിച് തൃശ്ശൂരിലേക്ക്……. ഞങ്ങൾ തൃശ്ശൂരിൽ എത്തുമ്പോൾ അക്ഷയ ഹോട്ടൽ തുറന്നിരുന്നു… മടക്ക യാത്രയുടെ നിരാശയും വിഷമവുമെല്ലാം അവിടെ തീർത്തു. അടുത്ത യാത്രയുടെ സ്വപ്നങ്ങളുമായി എല്ലാരും വീട്ടിലേക്ക്…….

Facebook Notice for EU! You need to login to view and post FB Comments!