ഇന്ത്യയ്ക്ക് 2018 ൽ പുതിയ വിദേശപരമ്പര പ്രഖ്യാപിച്ച് ബി.സി‌.സി.ഐ

407

2018 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു വിദേശപരമ്പര കൂടി കളിക്കും. ജൂലൈയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി അയർലൻഡുമായി നടക്കുന്ന പരമ്പരയിൽ രണ്ട് ടി20 മത്സരങ്ങളാവും ഉണ്ടാവുക. അയർലൻഡിലെ ഡബ്ലിനിൽ ജൂൺ 27, 29 തീയതികളിലാണ് മത്സരം നടക്കുക. തങ്ങളുടെ ഒഫീഷ്യൽ സൈറ്റിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ബി.സി.സി.ഐ ഇക്കാര്യം അറിയിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് വിദേശ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായിട്ടാണ് അയർലൻഡിൽ ഈ ചെറിയ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. 2007 ലാണ് ഇതിനു മുൻപ് ഇന്ത്യ അയർലൻഡിൽ കളിച്ചിട്ടുള്ളത്. 2009 ലെ ടി20 ലോകകപ്പിലാണ് ആദ്യമായും അവസാനമായും ഇരു ടീമുകളും തമ്മിൽ ഒരു ടി20 മത്സരത്തിൽ ഏറ്റുമുട്ടുന്നത്. 2015 ലെ ഏകദിന ലോകകപ്പിലും ഇരു ടീമുകളും നേർക്കു നേർ വന്നിരുന്നു. രണ്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോളൊക്കെ ടീം ഇന്ത്യയുടെ കൂടെയായിരുന്നു വിജയം.

എന്നാൽ മുൻപ് ഇന്ത്യയുമായി മത്സരിച്ച അയർലൻഡ് ടീമല്ല ഇപ്പോളത്തേത്. ക്രിക്കറ്റിൽ ഏറെ പുരോഗതി നേടിക്കഴിഞ്ഞ അവർ കഴിഞ്ഞ വർഷം ഐസിസിയുടെ ടെസ്റ്റ് പദവിയും സ്വന്തമാക്കിയിരുന്നു. ഈ വർഷം മെയിൽ പാകിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ഐറിഷ് ടീം ഇന്ത്യയ്ക്കെതിരെയുള്ള പരമ്പര ഏറെ പ്രാധാന്യത്തോടെയായിരിക്കും നോക്കിക്കാണുന്നത്.