ഒരുകാലത്ത് ചാക്യാർ കൂത്തും ഓട്ടൻ തുള്ളലും അരങ്ങുവാണിരുന്ന ഇടത്താണ് ട്രോളുകൾ പിറവിയെടുത്തിരിക്കുന്നത്. ആക്ഷേപ ഹാസ്യം കാലത്തിനൊപ്പം മാറി ഇന്ന് ഫേസ്ബുക്ക്, വാട്സ് ആപ്പ് ട്രോൾ പോസ്റ്ററുകളായി മാറിയിരിക്കുന്നു. മർമ്മത്ത് കൊള്ളുന്ന നർമ്മവുമായി എത്തുന്ന ഇത്തരം ട്രോളുകൾ ആരാണ് സൃഷ്ടിക്കുന്നതെന്ന് വായിച്ച് രസിക്കുന്നവർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ദിവസേനയുണ്ടാകുന്ന ചലച്ചിത്രവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ ആവി പറന്നു കഴിയും മുമ്പെ ട്രോൾ രൂപത്തിൽ എത്തുമ്പോൾ അവയ്ക്ക് യുവാക്കൾക്കിടയിൽ വൻസ്വീകാര്യതയാണ് ലഭിക്കുന്നത്.
2017 ൽ ട്രോളന്മാർ നൽകിയ സംഭാവനകൾ ചെറുതല്ല. നിരവധി പുതിയ വാക്കുകളെയാണ് ട്രോളന്മാർ സൃഷ്ടിച്ചിരിക്കുന്നത്. 2017 ൽ പിറവിയെടുത്ത പുതിയ വാക്കുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കുമ്മനടി
ഈ വർഷം ട്രോളന്മാർ ഏറ്റവും കൂടുതൽ ഉപയോഗിച്ചൊരു വാക്കാണ് കുമ്മനടി. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷം പിറവിയെടുത്തതാണ് ഈ വാക്ക്. ക്ഷണിക്കപ്പെടാത്ത പരിപാടികളിൽ വലിഞ്ഞുകയറി വരുന്നവരെ പരിഹസിക്കാനായിരുന്നു കുമ്മനടി ഉപയോഗിക്കുന്നത്. മെട്രോ ഉദ്ഘാടനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇടിച്ചുകയറിയതായിരുന്നു കുമ്മനടി എന്ന പദപ്രയോഗത്തിലേക്ക് ട്രോളന്മാരെ എത്തിച്ചത്.
അമിട്ടടി
ഏതൊരു പരിപാടിയിലും കാണും ഒരു അമിട്ടടിക്കാരൻ. എല്ലാത്തിനും ഞാനുണ്ടാകും എന്നു പറഞ്ഞ് അവസാന നിമിഷം മുങ്ങുന്നവരെയാണ് ട്രോളന്മാർ അമിട്ടടിക്കാരൻ എന്നുവിളിക്കുന്നത്. ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് വേണ്ടരീതിയിലുള്ള ശ്രദ്ധ കിട്ടാതെ വന്നപ്പോൾ അമിത് ഷാ ഡല്‍ഹിയിലേക്ക് തിരിച്ചപ്പോഴാണ് അമിട്ടടി എന്ന പദപ്രയോഗം പ്രചരിക്കാൻ തുടങ്ങിയത്.
ഒഎംകെവി
ട്രോൾ ഗ്രൂപ്പുകളിൽ നേരത്തെ തന്നെ ഈ പദം ഉപയോഗിച്ചിരുന്നുവെങ്കിലും അടുത്തിടെ നടി പാർവതി ഒന്ന് പൊടിത്തട്ടിയെടുത്തതോടെ ഒഎംകെവി എന്ന വാക്ക് വീണ്ടും ഹിറ്റായി.
റിലാക്സേഷന്‍
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ഭാര്യ ഷീല കണ്ണന്താനത്തോടാണ് ഈ വാക്കിന് ട്രോളന്‍മാർ കടപ്പെട്ടിരിക്കുന്നത്. റിലാക്സേഷന്‍ വച്ച് റീമിക്സ് പാട്ടുകള്‍ വരെ ട്രോളന്‍മാര്‍ സൃഷ്ടിച്ചെടുത്തു.
തള്ളന്താനം
ഈ വാക്കിന്‍റെ പിറവിക്ക് പിന്നിലും അല്‍ഫോന്‍സ് കണ്ണന്താനമാണ്. അല്പസ്വല്പമൊക്കെ പൊങ്ങച്ചം പറയാത്തവരായി ആരുമുണ്ടാകില്ല. പൊങ്ങച്ചെ പറയുന്നതിനെയാണ് തള്ള് എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. തള്ള് ഒരു പരിധി കടക്കുമ്പോഴാണ് ട്രോളന്മാർ തള്ളന്താനം എന്നു പറയുന്നത്.
ഈ വർഷം ട്രോളന്മാർ ഹിറ്റാക്കിയ അഞ്ച് വാക്കുകൾ
Facebook Notice for EU! You need to login to view and post FB Comments!