ലക്ഷ്മൺ, അഗാർക്കർ – നിങ്ങൾക്കു തെറ്റി: ധോണിയെ പിന്തുണച്ച് ഗാവസ്കർ

469

മുംബൈ • മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിക്കണമെന്ന ആവശ്യമുയർത്തിയ മുൻ താരങ്ങളായ വി.വി.എസ് ലക്ഷ്മൺ, അജിത് അഗാർക്കർ എന്നിവരെ തിരുത്തി സാക്ഷാൽ സുനിൽ ഗാവസ്കർ രംഗത്ത്. രാജ്കോട്ടിൽ നടന്ന ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലെ തോൽവിക്ക് ധോണിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. ടീമൊന്നാകെ നടത്തിയ മോശം പ്രകടനത്തിന് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്ത് അർഥത്തിലാണെന്ന് ഗാവസ്കർ ചോദിച്ചു.

ലക്ഷമണും അഗാർക്കറും അവരുടെ മാത്രം അഭിപ്രായമാണ് പറഞ്ഞതെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കായി ഒട്ടേറെ മൽസരങ്ങളിൽ കളിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. ഈ പറഞ്ഞത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. ടീം സെലക്ടമാരുടെയും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും കാഴ്ചപ്പാട് ഇതുതന്നെയാകണമെന്ന് നിർബന്ധമില്ല. കാത്തിരുന്നു കാണുകതന്നെ – ഗാവസ്കർ പറഞ്ഞു.

യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ ധോണി ട്വന്റി20യിൽ നിന്ന് മാറിനിൽക്കേണ്ട സമയമായെന്ന് രാജ്കോട്ട് ട്വന്റി20ക്കു പിന്നാലെ ലക്ഷ്മൺ അഭിപ്രായപ്പെട്ടിരുന്നു. ക്രീസിൽ നിലയുറപ്പിക്കാൻ ധോണിക്ക് ഒരുപാടു സമയം വേണ്ടിവരുന്നു. ഇത് രണ്ടാം ട്വന്റി20യിലെ സ്ട്രൈക്ക് റേറ്റിൽ പ്രകടമായി. പക്ഷേ ഏകദിനത്തിൽ ധോണി ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമാണ് – അദ്ദേഹം പറഞ്ഞു.

ട്വന്റി20യില്‍ ധോണിയുടെ റോളിനെക്കുറിച്ച് ടീം മാനേജ്മെന്റ് അദ്ദേഹത്തോടു വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീരേന്ദർ സേവാഗും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമിനു ധോണി വിലപ്പെട്ടതാണ്. പക്ഷേ ടീമിന്റെ ആവശ്യത്തിനനുസരിച്ചു ധോണിയും കളിശൈലി മാറ്റണമെന്നും സേവാഗ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ധോണി വിരമിക്കണമെന്ന് ആരും തല്‍ക്കാലം ആവശ്യപ്പെടേണ്ടെന്നും സേവാഗ് പറഞ്ഞു. വിരമിക്കാന്‍ സമയമാകുമ്പോള്‍ അയാള്‍ സ്വയം കളി മതിയാക്കുമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

30 വയസ്സിനു താഴെയുള്ള കളിക്കാർ ടീമിനായി നൽകിയ സംഭാവന എന്താണെന്നു കൂടി നോക്കണം. അതു വിട്ടുകളയരുത്. ഇതേ ഇന്നിങ്സിൽ ഈ യുവതാരങ്ങൾ എപ്രകാരമുള്ള പ്രകടനമാണ് കാഴ്ചവച്ചത്? ഒരു റൺ മാത്രമെടുത്തല്ലേ ഹാർദിക് പാണ്ഡ്യ പുറത്തായത്? – ഗാവസ്കർ ചോദിച്ചു. അതിലൊന്നും നമുക്കു താൽപര്യമില്ല. നമ്മുടെ ഓപ്പണർമാർ ഇരുവരും സാധാരണപോലെ മികച്ച തുടക്കമല്ല നമുക്കു നൽകിയതെന്നതും നാം കാര്യമാക്കുന്നില്ല. തോൽക്കുമ്പോൾ ധോണിക്കെതിരെ മാത്രമേ നാം വിരലുയർത്തൂ. ഇത് തീർത്തും നിർഭാഗ്യകരമായ രീതിയാണ്. നിങ്ങളെ സംബന്ധിച്ച് അതാണ് ഇന്ത്യൻ ടീം – ഗാവസ്കർ പരിഹസിച്ചു.

ഒരു ക്രിക്കറ്റ് താരം ആകുന്നത്ര കാലം കളി തുടരുന്നതാണ് നല്ലത്. കാര്യമായി റൺസ് നേടുന്നില്ല, വിക്കറ്റ് ലഭിക്കുന്നില്ല എന്നത് സാരമില്ല. നിങ്ങൾക്കിപ്പോഴും മികച്ച താളം സൂക്ഷിക്കാൻ സാധിക്കുന്നുണ്ടോ എന്നു നോക്കുക. പരിശീലനവും മൽസരങ്ങളും ഒരു ക്രിക്കറ്റ് താരത്തിന്റെ ജീവിതത്തിൽ സുപ്രധാനമാണ്. ശരീരത്തിനു മാത്രമല്ല, മനസ്സിനും പരിശീലനം കാര്യമായ സഹായം നൽകും. അതുകൊണ്ട് പരമാവധി ക്രിക്കറ്റ് കളിക്കുന്നത് തുടരുന്നതാണ് നല്ലത്– ഗാവസ്കർ പറഞ്ഞു.

ഒരു താരം 30 വയസ്സു പിന്നിട്ടാൽ പിന്നീടങ്ങോട്ട് അയാളിലെ തെറ്റുകൾ കണ്ടുപിടിക്കാനാണ് നമുക്കു താൽപര്യം. അയാൾ നൽകുന്ന സംഭാവനകൾ നാം കാര്യമാക്കുന്നില്ല. ഒരാളിൽനിന്ന് കൂടുതൽ ആവശ്യപ്പെട്ട് കിട്ടാതെ വരുമ്പോർ വിരമിക്കലിനായി മുറവിളി കൂട്ടുന്നതിൽ എന്ത് അർഥമാണുള്ളത്? – ഗാവസ്കർ ചോദിച്ചു.