ഐഫോൺ X നിർമാണ ചിലവ് 23,200 രൂപ, ഇന്ത്യയിലെ വിലയോ 89,000, ആപ്പിളിന് വൻ ലാഭം!

609

വണ്‍പ്ലസ്‌ വണ്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ആണ്‌ ആദ്യമായി നല്ല ഹാര്‍ഡ്‌വെയര്‍ കുറഞ്ഞ വിലയ്‌ക്കു നല്‍കുന്നുവെന്നും മറ്റു കമ്പനികള്‍ അമിത ലാഭമുണ്ടാക്കുന്നുവെന്നും പറഞ്ഞ്‌ വിപണിയില്‍ എത്തിയത്‌. 299 ഡോളറിനാണ്‌ അവര്‍ തങ്ങളുടെ ഫോണ്‍ വില്‍പ്പനയ്‌ക്ക്‌ എത്തിച്ചത്‌. ആ കാലത്ത്‌ സമാനമായ ഹാര്‍ഡ്‌വെയറിന്‌ വലിയ കമ്പനികള്‍ വാങ്ങിയിരുന്നത്‌ 600 ഡോളറോളമായിരുന്നു. ഫോണ്‍ നിര്‍മാണത്തില്‍ കമ്പനികള്‍ എത്ര ലാഭം കൊയ്യുന്നുവെന്നത്‌ എല്ലാക്കാലത്തും ഉപയോക്താക്കള്‍ക്ക്‌ അറിയാന്‍ ആഗ്രഹമുള്ള കാര്യമാണ്‌.

ഈ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ Xന്‌ ആപ്പിള്‍ കമ്പനിക്ക്‌ എത്ര ചിലവു വന്നിട്ടുണ്ടാകുമെന്നു പരിശോധിക്കുന്ന ചില പഠനങ്ങള്‍ വന്നു കഴിഞ്ഞു. സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനി ആപ്പിളാണ്‌. പരമാവധി ലാഭമെടുക്കുക എന്നതു തന്നെയാണ്‌ അവരുടെ വിജയ രഹസ്യവും. ഏതു പ്രൊഡക്ട്‌ ഇറക്കിയാലും കമ്പനിയുടെ ലാഭമായിരിക്കും വിലയിടുമ്പോള്‍ അവരുടെ മനസിലുണ്ടാകുക. എതിരാളികള്‍ വില കുറച്ചു വില്‍ക്കുമോ എന്നതൊന്നും അവരുടെ പ്രശ്‌നമല്ല. ഐഫോൺ ആരാധകര്‍ തോളിലേറ്റുമെന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഐഫോണ്‍ Xന്റെ കാര്യത്തില്‍ ഇതിന്‌ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?

ടെക്‌ഇന്‍സൈറ്റ്‌സ്‌ എന്ന വെബ്‌സൈറ്റാണ്‌ ഐഫോണ്‍ X അഴിച്ച്‌ അതിന്റെ ഓരോ ഭാഗത്തിനും എന്തു വില വരുമെന്നു നോക്കി മൊത്തം ചിലവു കണ്ടുപിടിച്ചിരിക്കുന്നത്. പ്രോസസറും, CMOS ഇമേജ്‌ സെന്‍സറുമടക്കം പത്താം തലമുറ ഐഫോണിനെയും അവര്‍ അഴിച്ചെടുത്തു പഠിച്ചിട്ടുണ്ട്‌. ഇതു വരെയുള്ള ഫോണ്‍ നിര്‍മാണ രിതിയില്‍ നിന്നു കാര്യമായി വ്യതിചലിച്ചാണ്‌ പുതിയ ഫോണ്‍ നിര്‍മിച്ചതെന്നാണ്‌ അവരുടെ കണ്ടെത്തല്‍. 5.8 ഇഞ്ച്‌ ഓലെഡ്‌ സൂപ്പര്‍ റെറ്റിന സ്‌ക്രീന്‍ കൂടാതെ ഒട്ടേറെ പുതുമകള്‍ ഐഫോണ്‍ ടെന്നിന്റെ നിര്‍മാണത്തില്‍ ആപ്പിള്‍ കൊണ്ടുവന്നിട്ടുണ്ടത്രെ. ഇരട്ട ബാറ്ററിയും ഇരട്ട മുന്‍ ക്യാമറയും കൂടാതെ ഇരട്ട PCBയും ഫോണിനുണ്ട്‌. ഇതെല്ലാം കുത്തിനിറയ്‌ക്കാനായത്‌ ആപ്പിളിന്‌ അഭിമാനകരമായ നേട്ടമാണ്‌.

അവരുടെ പഠനത്തില്‍ നിന്നു മനസിലായത്‌ ഐഫോണ്‍ X നിര്‍മാണത്തില്‍ ആപ്പിളിന്‌ ഏകദേശം 357.50 ഡോളര്‍ (ഏകദേശം 23,200 രൂപ ചിലവയായിരിക്കുന്നു എന്നാണ്‌. ഈ ഹാന്‍ഡ്‌സെറ്റാണ്‌ 999 ഡോളറിന്‌ വിൽക്കുന്നത് (ഏകദേശം 64,800 രൂപ‌. ഇന്ത്യയിലെ വിലയായ 89,000 രൂപ ടാക്‌സും മറ്റും ചേരുമ്പോള്‍ വരുന്നതാണ്‌.) അതായത്‌, ഐഫോണ്‍ X നിര്‍മാണത്തില്‍ ആപ്പിളിന്‌ ഏകദേശം 64 ശതമാനം ലാഭമുണ്ടെന്നാണ് ടെക്‌ഇന്‍സൈറ്റ്‌ പറയുന്നത്‌.

അതേസമയം, 899 ഡോളറിന്‌ (45,300 രൂപ) വില്‍ക്കുന്ന ഐഫോണ്‍ 8 ല്‍ നിന്നു ലഭിക്കുന്നത്‌ 59 ശതമാനം ലാഭമാണെന്നത്‌ അപ്രതീക്ഷിത വാര്‍ത്തയാണെന്നാണ്‌ അവര്‍ പറയുന്നത്‌. കാരണം, കാലക്രമത്തില്‍ ഫോണിലും മറ്റും ഉപയോഗിക്കുന്ന കമ്പോണന്റ്‌സിന്റെ വില കുറയേണ്ടതാണ്‌. താരതമ്യേന പാരമ്പര്യ ഫോണായ ഐഫോണ്‍ 8 ന്റെ നിര്‍മാണച്ചലവ്‌ കുറയേണ്ടതായിരുന്നു എന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. എന്നാൽ ടെക്‌ഇന്‍സൈറ്റിന്റെ ഈ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചു.

ഐഫോണ്‍ Xന്റെ വില കൂടിപ്പോയതിന്റെ ഒരു കാരണം ഡിസ്‌പ്ലെയുടെ വില തന്നെയാണ്‌. ഈ സ്‌ക്രീനിനു മാത്രം 65.50 ഡോളര്‍ (4,300 രൂപ) ചിലവായിട്ടുണ്ടെന്നാണ്‌ കണ്ടെത്തല്‍. അതേസമയം, ഐഫോണ്‍ 8ന്റെ 4.7 ഇഞ്ച്‌ സ്‌ക്രീനിന്‌ 36 ഡോളറാണ്‌ (ഏകദേശം 2,300 രൂപ) ചിലവ്. ഐഫോണ്‍ X നിര്‍മാണത്തിനുപയോഗിച്ച സര്‍ജിക്കല്‍ ഗ്രെയ്‌ഡ്‌ സ്‌റ്റെയ്‌ന്‍ലെസ്‌ സ്‌റ്റീല്‍ ഭാഗങ്ങള്‍ക്ക്‌ 36 ഡോളര്‍ (ഏകദേശം 2300 രൂപ) ചിലവു വന്നേക്കാം. ഐഫോണ്‍ 8ന്റെ അലൂമിനം ബോഡിക്കാകട്ടെ ഏകദേശം 1,400 ഡോളറും വരും.