ഇതാണ് എം ടിയുടെ ഭീമൻ, മഹാഭാരതം രണ്ടാമൂഴമാകുമ്പോൾ

1980

രണ്ടാമൂഴം ..

എന്താണ് രണ്ടാമൂഴം ?, ദൈവിക തുല്യമായ ഒരു ഇതിഹാസകൃതിയിൽ നിന്നും ഭീമന്റെ കണ്ണിലൂടെ.കാണുന്ന പാണ്ഡവ – കൗരവ കഥയുടെ മനുഷ്യപക്ഷ കാഴ്ചയാണ് രണ്ടാമൂഴം. മഹാഭാരത കഥയിൽ കാണുന്ന ദൈവവിഗ്രഹങ്ങളോ ആദർശശുദ്ധിയോ ഒന്നും ഇവിടെ കാണാനുമില്ല. ഉദാഹരണത്തിന്, ഭഗവൻ കൃഷ്ണൻ ഇവിടെ വെറുമൊരു യാദവരാജാവ് മാത്രമാണ്. പാഞ്ചാലി വസ്ത്രാക്ഷേപത്തിൽ തുടരെ സാരികൾ നൽകി മാനം രക്ഷിച്ച കൃഷ്ണനെ ഇതിൽ കാണാനില്ല. വസ്ത്രാക്ഷേപം കഴിഞ്ഞു ദ്രൗപതിയെ ആശ്വസിപ്പിക്കുന്ന, താൻ ഉണ്ടായിരുന്നെങ്കിൽ യുധിഷ്ഠിരനെ ചൂത് കളിയ്ക്കാൻ അനുവദിക്കില്ലാരുന്നു എന്ന് പറയുന്ന ഒരു കൃഷ്ണൻ ഉണ്ട്. യുദ്ധത്തിൽ ഭീമപുത്രൻ ഘടോൽക്കചൻ മരിച്ചു കഴിയുമ്പോൾ അവൻ മരിച്ചത് നന്നായി അല്ലെങ്കിൽ ആ കാട്ടാളനെ ഞാൻ കൊന്നേനെ എന്ന് പറയുന്ന കൃഷ്ണനും ഇതിലുണ്ട്. എന്തിനേറെപറയുന്നു, ഒരു ഘട്ടത്തിൽ ദ്രൗപതി പോലും കൃഷ്ണനെ വിശ്വസിക്കരുതെന്നു ഭീമനോട് പറയുന്നുണ്ട്.

ഇത്തരത്തിൽ വിശ്വാസങ്ങളെ ആകപ്പാടെ പൊളിച്ചെഴുത്തുന്ന രണ്ടാമൂഴത്തിൽ യുധിഷ്ടരനു നേർക്ക് കഴുത്തറക്കാൻ പാഞ്ഞടുക്കുന്ന അർജുനൻ ഉണ്ട്, തന്നെക്കാൾ വലുതാവാൻ ആരെയും അനുവദിക്കാത്ത അസൂയലുവായ അർജുനനും ഉണ്ട്. ഭീരുവും പലപ്പോഴും വിഡ്ഢിയുമാവുന്ന യുധിഷ്ഠരനുമുണ്ട്. ശകുനിയെക്കാൾ ക്രൂരനായ ദ്രോണാചാര്യർ ഉണ്ട്. കുന്തിയും ദ്രൗപതിയുമടക്കം കുടിലബുദ്ധിയുള്ള സാധാരണ സ്ത്രീകൾ ആയി മാറ്റി പ്രതിഷ്ഠിക്കപ്പെട്ട രണ്ടാമൂഴത്തിൽ പ്രകീര്തിക്കപ്പെട്ട രാജാവിനെക്കാളും സ്തുതി പാടുന്ന അര്ജുനനേക്കാളും യുദ്ധം വിജയിച്ച മഹാനായ ഭീമൻ ഉണ്ട്. കാട്ടാളനു പിറന്ന കാരണത്താൽ അവസാന നിമിഷം രാജ്യഭരണം നഷ്ടപ്പെടുത്തിയ അമ്മയുടെയും രാജപത്നി ആവാൻ ഭീമനെ തള്ളിക്കളഞ്ഞ ദ്രൗപതിയുമുണ്ട്. എതിരാളികളിൽ സൂതപുത്രൻ എന്ന പേരിൽ അവമത്തിക്കപ്പെട്ട കർണൻ, തോല്വിയറിയാത്ത ഈ കർണൻ പല പ്രാവശ്യം തോറ്റുപോയ കഥയുമുണ്ട്. എങ്കിലും ഒരു വീരന്റെ പരിവേഷം രണ്ടാമൂഴം കർണനും ചാർത്തി നൽകുന്നുണ്ട്.

ഇങ്ങനെ പാടിപ്പതിഞ്ഞ കഥകളുടെ പൊളിച്ചെഴുത്തിനെ വിശ്വാസസംഹിത ഉയർത്തിപ്പിടിക്കുന്ന ഭാരതജനത എങ്ങനെ സ്വീകരിക്കും എന്ന സംശയവും ഉണ്ട്. ഭീമന്റെ കണ്ണിലൂടെ കാണുന്ന കഥയിൽ മോഹൻലാലിനെ ഭീമൻ ആയി സങ്കൽപ്പിക്കാൻ ആവുന്നില്ല, അദ്ദേഹത്തിന് സിക്സ് പാക്ക് ഇല്ല എന്ന് പറയുന്നവർ രണ്ടാമൂഴം വായിച്ചിട്ടില്ല എന്ന് ഞാൻ നിസംശയം പറയുന്നു. കാരണം, ഭീമന്റെ വേഗതക്കു മുൻപിൽ പതറിയ കർണൻ തോൽവി മണക്കുമ്പോൾ, ഭീമൻ കർണ്ണനെ കൊല്ലാനായുമ്പോളാണ്‌ വിശോകൻ കർണ്ണനെ കൊല്ലരുത് അത് നിന്റെ ചേട്ടനാണ് എന്നറിയിക്കുന്നത്. ആ വാർത്തയിൽ തളർന്നു പോകുന്ന ഭീമൻ തോറ്റു എന്ന് കരുതുന്ന കർണൻ പറയുന്നതിങ്ങനെ “വൃകോദര, പെരുവയറാ, യുദ്ധം നിനക്ക് പറഞ്ഞിട്ടുള്ളതല്ല, അവന്റെയൊരു പെരുവയറും ഊശാൻ താടിയും” ഇതിൽ എവിടെയാണ് സുഹൃത്തുക്കളെ ഭീമന് സിക്സ് പാക്ക്. മറ്റൊരു സന്ദർഭം പരിശോധിക്കാം, യുദ്ധം തുടങ്ങുന്നതിനു മുൻപായി ഭീമന്റെ രൂപത്തിൽ കൈകാലുകൾ ചലിക്കുന്ന ഒരു യന്ത്രം ഉണ്ടാക്കി അതിനെ എതിരിടുന്ന ദുര്യോധനൻ. യുദ്തവസാനം ഹസ്തിനപുരിയിൽ എത്തുന്ന ഭീമസേനൻ കാണുന്നത് വലിയ വയറും തലയുമുള്ള തന്റെ യന്ത്രരൂപമാണ്. ഇതിലും എവിടെയാണ് സുഹൃത്തുക്കളെ സിക്സ് പാക്ക്.

ശരീരം കൊണ്ടും അഭിനയം കൊണ്ടും ഭീമനെ അടയാളപ്പെടുത്താൻ ഏറ്റവും മികച്ച ചോയ്സ് തന്നെയാണ് ശ്രീ മോഹൻലാൽ. മഹാഭാരതകഥയിൽ ഇത്ര വലിയ പൊളിച്ചെഴുത്ത് നടത്തിയ MT എന്ന മഹാനായ എഴുത്തുകാരൻ ഒന്നും കാണാതെയാണോ തന്റെ ഭീമനെ മോഹൻലാൽ അവതരിപ്പിക്കണം എന്ന് തീരുമാനിച്ചത്. ഘടോൽക്കച്ചനും അഭിമന്യുവും നഷ്ടപ്പെടുമ്പോഴും കർണൻ സഹോദരൻ എന്നറിയുമ്പോഴും അരക്കില്ലം തീ പിടിക്കുമ്പോൾ പുരോചനനെ കൊല്ലാൻ തിരിച്ചു കയറുമ്പോഴും ഋഷി സദസ്സിൽ ആദ്യമായി മകൻ ഘടോൽക്കച്ചനെ കാണുമ്പോഴും മാനസിക സങ്കർഷം ഉച്ചസ്ഥായിയിൽ എത്തുന്ന ഭീമനെ അവതരിപ്പിക്കാൻ മറ്റൊരു ചോയ്സ് ചിന്തിക്കേണ്ടതില്ല. അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ കഥാപാത്രം അവതരിപ്പിക്കാൻ മോഹൻലാൽ എന്തുമാത്രം തയാറെടുപ്പ് നടത്തും എന്നത് ചിന്തിക്കാവുന്നതെ ഉള്ളു. ഒരുപക്ഷെ അതിനുശേഷം അഭിനയം നിർത്താനും അദ്ദേഹം തയ്യാറായേക്കും, ഈ അഭിനയജീവിതത്തിൽ ഭീമസേനനേക്കാൾ വലിയൊരു വേഷം ചെയ്യാൻ ബാക്കിയില്ലല്ലോ അദ്ദേഹത്തിന്.

ഇനിയാണ് വലിയ തുക മുതൽമുടക്ക്. ഒന്നാമത് ഇത് രണ്ടു ഭാഗങ്ങൾ ആയിട്ടാണ് റിലീസ് ആവുന്നത്. രണ്ടു സിനിമ എന്ന് തന്നെ കരുതുക. കൗരവരും പാണ്ഡവരും ഉൾപ്പെടെ 105 പേര് പിന്നെ ദ്രോണർ, ഭീഷ്മർ, വിദുരർ, അഭിമന്യു, ജയദ്രഥൻ, കുന്തി, ദ്രൗപതി, ബലന്ധര തുടങ്ങി വമ്പൻ സ്റ്റാർ കാസ്റ്റ് തന്നെ വേണ്ടിവരും. ഇനി വര്ഷങ്ങൾക്കോ യുഗങ്ങൾക്കോ മുൻപോ ഉണ്ടായിരുന്ന മൃഗങ്ങൾ,.കാടുകൾ, ആയുധങ്ങൾ, തുടങ്ങി സർവ്വതും സൃഷ്ടിക്കപ്പെടണം. പാഞ്ചാലപുരം, ഹസ്തിനപുരി, യാദവപുരം, കുരുക്ഷേത്ര, കാശി, ഋഷിസദസ്, ഗാന്ധാരം, കേകയം, മാദ്രം, ഇന്ദ്രപ്രസ്ഥം, മധുര, കാമ്പില്യം, ഛേദി, മാഗധം, അംഗം, കാമരൂപം, ബ്രഹന്നള ആയി അർജുൻ ഒളിവിൽ താമസിച്ച നാട്ടു ദേശം മുതൽ നൂറു കണക്കിന് സ്ഥലങ്ങളും കൊട്ടാരങ്ങളും കാടും മേടും പുനർസൃഷ്ടിക്കപ്പെടണം. 48 ദിവസം നീണ്ടുനിന്ന നഷ്ടങ്ങൾ മാത്രമുണ്ടായ ഭീകര യുദ്ധം, ഭീമനും ബകനും, ഹിഡുംബനുമായി ഉണ്ടായ യുദ്ധങ്ങൾ ഇതൊക്കെ ചിത്രീകരിക്കുന്നതോ ! 18 അക്ഷൗഹിണികൾ ചേർന്നതായിരുന്നു കുരുക്ഷേത്ര യുദ്ധം. ഒരു അക്ഷൗഹിണിയിൽ 21870 ആനകളും അത്രയും തേരുകളും അതിന്റെ മൂന്നിരട്ടി കുതിരകളും അഞ്ചിരട്ടി കാലാലുകളും ഉണ്ടാവും. അപ്പോൾ ചിന്തിക്കുക എത്ര വലിയ യുദ്ധം ആണ് ചിത്രീകരിക്കേണ്ടത്.

രണ്ടാമൂഴം അതിന്റെ സത്ത ചോരാതെ സിനിമായാക്കാൻ ഒരായിരം കോടി പോരാ എന്നെ ഈ കൃതി വായിച്ച ആർക്കും തോന്നു. എങ്കിലും വ്യാപക അർത്ഥത്തിൽ ഇത്രയും വലിയ ഇൻവെസ്റ്റ് ഇല്ലെങ്കിൽ പോലും ഈ മഹാകാവ്യം മോഹന്ലാലിലൂടെ പുനർജനിക്കുന്നത് കാണാൻ എനിക്കേറെ ആഗ്രഹമുണ്ട്. വി എ ശ്രീകുമാർ എന്ന സംവിധായകന്റെ കഴിവുകളെക്കുറിച്ചു ഒന്നുമെനിക്കറിയില്ല. പക്ഷെ കിടയറ്റ തിരക്കഥയാവും എംടി ഒരുക്കുക എന്നത് ഉറപ്പും. ആയിരം മുടക്കിയാലും തിരിച്ചു പിടിക്കാൻ പാകത്തിൽ ഗ്ലോബൽ ഏറ്റെൻഷൻ കിട്ടുന്ന ഒരു പ്രോഡക്ട് കൂടിയാണ് രണ്ടാമൂഴം. ആകാംശയോടെയല്ല, വലിയൊരു പ്രാര്ഥനയോട് കൂടിയാണ് ഞാനീ സിനിമക്കായി കാത്തിരിക്കുന്നത്. സ്‌ക്രീനിൽ മഹാഭാരതചരിത്രം തെളിയുന്നതിലും അതിൽ നായകനായി നമ്മുടെ ലാലേട്ടനും എത്തുന്നതിലുപരി മലയാളികൾക്ക് സംതോഷിക്കാൻ മറ്റെന്തുണ്ട്. ഇതിഹാസരചനക്ക് പേന ചലിപ്പിച്ച എംടിയും നിർമാതാവ് ഷെട്ടിയും സംവിധായകൻ ശ്രീകുമാറും ചേർന്നു ലോകത്തിലെ ഏറ്റവും വലിയ സിനിമാനുഭവം മോഹന്ലാലിലൂടെ നമുക്ക് നൽകട്ടെ.

” ശക്തി പാപവും ഭാരവുമായ ഭീമനെ പിന്തുടർന്നു മഹാഭാരതത്തിന്റെ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുമ്പോൾ ഊശാംതാടിയും പെരുവയറും വലിയ ഗദയും ചേർന്നതല്ല ഈ കഥാപാത്രമെന്നു വ്യക്തമാവും. കാമമോഹ വൈരാഗ്യങ്ങൾ മറച്ചുപിടിക്കേണ്ട ബാധ്യതയില്ലാത്ത പ്രാകൃതനായ യോദ്ധാവ്. തത്വചിന്തകളുടെയും ആര്യനിയമങ്ങളുടെയും കെട്ടുപാടില്ലാത്ത വെറും മനുഷ്യൻ. ആ കിരാതന്റെ നിഷ്കളങ്കതയുടെ പാടിപ്പുകഴ്താത്ത കഥ.

കടപ്പാട്:ജോണി വെള്ളിക്കാല