ഈ കളിചിരികൾക്ക് റീടേക്കുകൾ ഇല്ല; സുചിത്ര ഓർമപ്പെടുത്തിയിട്ടും തനിക്കുണ്ടായ ആ നഷ്ടങ്ങളെ കുറിച്ച് മോഹൻലാൽ..!!

361

മലയാള സിനിമയിൽ അഭിനയ ജീവിതം മോഹൻലാൽ തുടങ്ങിയിട്ട് 40 വർഷങ്ങൾ പിന്നിട്ട് നിൽക്കുമ്പോഴും മോഹൻലാൽ എന്ന താരത്തിന്റെ തിരക്കുകൾ തെല്ലും കുറഞ്ഞട്ടില്ല എന്ന് വേണം പറയാൻ. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ ലൊക്കേഷനിൽ നിന്നും ലൊക്കേഷനുകൾക്ക് ഉള്ള ഓട്ടത്തിൽ ആയിരുന്നു മോഹൻലാൽ എന്ന് വേണം പറയാൻ.

കുടുംബവും കുട്ടികളും ഒക്കെയായെങ്കിൽ കൂടിയും ആ ഓട്ടത്തിന് ഒരു കുറവും ഉണ്ടായില്ല. മക്കളുടെ ബാല്യം കാണാനും ആസ്വദിക്കാനും കഴിയാത്ത ഒരച്ഛനായി മോഹൻലാൽ മാറിയിരുന്നു. ഒരു പ്രമുഖ മാദ്ധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് മോഹൻലാൽ തന്റെ മനസു തുറന്നത്.

എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മിൽ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോൺ സ്‌കൂളിലാണ്. പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോയി. വിസ്മയ തിയേറ്റർ പഠിക്കാനായി പ്രാഗ് ലണ്ടൻ യുഎസ്. എന്നിവിടങ്ങളിലേക്കും.

മക്കൾ എന്നതിലുപരി അവരിപ്പോൾ എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു. മക്കൾ വളരുന്നതും സ്‌കൂളിൽ പോവുന്നതുമൊന്നും കാണാൻ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടൻ എന്നനിലയിൽ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അധ്വാനിച്ചിരുന്ന കാലം. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വർഷങ്ങൾ.

കഥകളും കഥാപാത്രങ്ങളുംകൊണ്ട് മനസ്സ് നിറഞ്ഞുതുളുമ്പിയിരുന്ന സുന്ദരഭൂതകാലം. എന്റെയീ ഓട്ടംകണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു;

“ചേട്ടാ കുട്ടികളുടെ വളർച്ച അവരുടെ കളിചിരികൾ എന്നിവയ്ക്ക് റീട്ടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കിൽ ഒരച്ഛനെന്നനിലയിൽ പിന്നീട് ദുഃഖിക്കും…” അന്ന് അത് എനിക്ക് അത്രയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

ഇപ്പോൾ മനസ്സിന്റെ വിദൂരമായ ഒരു കോണിൽ ആ നഷ്ടബോധത്തിന്റെ നിഴൽ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്. നാൽപ്പതു വർഷമായി സിനിമയിൽ എത്രയോ റീടേക്കുകൾ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളർച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീട്ടേക്കുകൾക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെക്കുന്നുണ്ടാവാം. എന്ന കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.