എന്തേ ഫേസ്‌ബുക്കിനു നീല നിറം?

613

ഫേസ്‌ബുക്കിന്റെ
നീലനിറത്തിനു പിന്നില്‍ ഒരു ചെറിയ രഹസ്യമുണ്ട്‌. ഫേസ്‌ബുക്ക്‌ സ്‌ഥാപകന്‍
മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനുള്ള വര്‍ണാന്ധതയാണ്‌ ആ രഹസ്യം.
വര്‍ണാന്ധതയുള്ളവര്‍ക്ക്‌ ചില നിറങ്ങള്‍ തിരിച്ചറിയാനാവില്ല.
സക്കര്‍ബര്‍ഗിന്‌ ചുവപ്പ്‌, പച്ച നിറങ്ങള്‍ വ്യക്‌തമായി
തിരിച്ചറിയാനാവില്ല. പിന്നെയുള്ള നീല നിറത്തിലായി കളിമുഴുവന്‍. അങ്ങനെ
ഫേസ്‌ബുക്കിനു നീലനിറമായി.

സ്വപ്രയത്നത്താല്‍ കോടീശ്വരരായവരുടെ പട്ടികയില്‍ ഒന്നാമനാണു മാര്‍ക്‌
ഏലിയറ്റ്‌ സക്കര്‍ബര്‍ഗ്‌ എന്ന മുപ്പതുകാരന്‍. മുപ്പത്തിമൂവായിരം കോടി
ഡോളറാണ്‌ സക്കര്‍ബര്‍ഗിന്റെ ആസ്‌തി. ലോകത്ത്‌ ഏറ്റവും പ്രതിഫലം പറ്റുന്ന
കമ്പനിമേധാവി എന്ന ബഹുമതിയും സക്കര്‍ബര്‍ഗിനു സ്വന്തമാണ്‌. ഒരുവര്‍ഷം 14,000കോടി രൂപയിലും അധികമാണ്‌ അദ്ദേഹത്തിന്റെ ശമ്പളം.

പത്തുവര്‍ഷംമുമ്പ്‌ തന്റെ ഇരുപതാം വയസില്‍ സക്കര്‍ബര്‍ഗ്‌ രൂപംനല്‍കിയ
ഫേസ്‌ബുക്ക്‌ എന്ന നവമാധ്യമത്തില്‍ ഇന്ന്‌ 128 കോടി സജീവ അംഗങ്ങളുണ്ട്‌.
ഓരോദിവസവും അതു പെരുകിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളുടെ
പാരമ്പര്യമുള്ള പരമ്പരാഗത മാധ്യമങ്ങള്‍ക്കു സ്വപ്‌നം കാണാനാവാത്ത
സംഖ്യയാണിത്‌.

വിനോദോപാധി എന്നതില്‍ക്കവിഞ്ഞ്‌ സ്വതന്ത്ര ആശയപ്രകടനത്തിനുള്ള
വേദിയാവാന്‍ കഴിഞ്ഞതാണ്‌ ഫേസ്‌ബുക്കിന്റെ ജനപ്രീതിയുടെ അടിസ്‌ഥാനം.
ചുരുങ്ങിയ കാലത്തിനുള്ളില്‍ സാംസ്‌കാരികവും രാഷ്‌ട്രീയവുമായ ഒരുപാടു
വിപ്ലവങ്ങള്‍ക്ക്‌ വഴിമരുന്നിടാന്‍ ഫേസ്‌ബുക്കിനായി.

1984ല്‍ ന്യൂയോര്‍ക്കിലാണ്‌ സക്കര്‍ബര്‍ഗിന്റെ ജനനം. അച്‌ഛന്‍
ദന്തഡോക്‌ടര്‍. അമ്മ മനോരോഗ ചികിത്സക. ഒന്നിനും ഒരു കുറവുമില്ലാത്ത
ബാല്യകാലം. ആറാം വയസിലാണ്‌ സക്കര്‍ബര്‍ഗിന്‌ അച്‌ഛന്‍ ഒരു കമ്പ്യൂട്ടര്‍
സമ്മാനിച്ചത്‌. മറ്റു കുട്ടികള്‍ കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുമ്പോള്‍ ആ
ഗെയിം എങ്ങനെയുണ്ടാക്കി എന്നറിയാനായിരുന്നു സക്കര്‍ബര്‍ഗിന്‌ കൗതുകം.

മകന്റെ താല്‍പര്യം തിരിച്ചറിഞ്ഞ്‌ അച്‌ഛന്‍ അവനെ പ്രോഗ്രാമിംഗ്‌
പഠിപ്പിക്കാന്‍ ഡേവിഡ്‌ ന്യൂമാന്‍ എന്ന അധ്യാപകനെ കണ്ടെത്തി. ഹൈസ്‌കൂളില്‍
എത്തിയപ്പോഴേക്കും സ്വന്തമായ കമ്പ്യൂട്ടര്‍ പ്രോഗാമുകള്‍
ഉണ്ടാക്കുന്നതായിരുന്നു സക്കര്‍ബര്‍ഗിന്റെ വിനോദം.

അച്‌ഛന്റെ ആശുപത്രിയിലെ കമ്പ്യൂട്ടറുമായി വീട്ടിലിരുന്ന്‌ ആശയ വിനിമയം
നടത്താന്‍ കഴിയുന്ന ചെറുപ്രോഗ്രാമായിരുന്നു ആദ്യം വികസിപ്പിച്ചത്‌. ‘സക്‌നെറ്റ്‌‘എന്നായിരുന്നു ഇതിനു പേരിട്ടത്‌.

പിന്നീട്‌ ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന സക്കര്‍ബര്‍ഗ്‌
അവിടെയും പ്രോഗ്രാമിംഗിലുള്ള നൈപുണ്യം പുറത്തെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ താല്‍പര്യപ്രകാരം
സ്‌റ്റഡിഗ്രൂപ്പുകളുണ്ടാക്കാനുള്ള ‘കോഴ്‌സ്മാച്ച്‌‘ എന്ന പ്രോഗാമായിരുന്നു
സക്കര്‍ബര്‍ഗിന്റെ
ആദ്യസംഭാവന.

പിന്നീട്‌ 2003ല്‍ നാലു സഹപാഠികള്‍ക്കൊപ്പം തമാശയ്‌ക്കാണ്‌
സക്കര്‍ബര്‍ഗ്‌ ഫേസ്‌ബുക്കിന്റെ ആദ്യരൂപമായ ‘ഫേസ്‌മാഷ്‌‘ എന്ന സൈറ്റ്‌
തുടങ്ങുന്നത്‌. കോളജിന്റെ കമ്പ്യൂട്ടറില്‍നിന്ന്‌ ചോര്‍ത്തിയെടുത്ത
സഹപാഠികളുടെ ചിത്രങ്ങള്‍ നിറഞ്ഞ ഓണ്‍ലൈന്‍ പേജായിരുന്നു ‘ഫേസ്‌മാഷ്‌‘.ചിത്രങ്ങളില്‍നിന്ന്‌ ഏറ്റവും ചുള്ളനായ ഒരാളെ മറ്റുള്ളവര്‍ക്ക്‌
തെരഞ്ഞെടുക്കാം.

സംഗതി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹിറ്റായി.
എന്നാല്‍ ഒരാഴ്‌ചക്കകം ‘ഫേസ്‌മാഷ്‌‘ യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇടപെട്ടു
പൂട്ടിക്കെട്ടി. വിദ്യാര്‍ത്ഥികള്‍ ‘ഫേസ്‌മാഷ്‌‘ വ്യാപകമായി
ഉപയോഗിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്‌ യൂണിവേഴ്‌സിറ്റിയുടെ
ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ജാമാവുന്നതായിരുന്നു കാരണം.

പോരാത്തതിന്‌ അനുവാദമില്ലാതെ തങ്ങളുടെ ഫോട്ടോ ഉപയോഗിച്ചതിനെതിരേ ചില
വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുകയും ചെയ്‌തു. പരസ്യമായി മാപ്പുപറഞ്ഞു
തലയൂരിയ സക്കര്‍ബര്‍ഗിന്‌ ‘ഫേസ്‌മാഷ്‌‘ എന്ന തമാശയില്‍നിന്നു കിട്ടിയത്‌
വലിയൊരു പാഠമായിരുന്നു.

അടുത്തവര്‍ഷം സക്കര്‍ബര്‍ഗ്‌ കൂട്ടുകാരുമായിച്ചേര്‍ന്ന്‌ ദ
ഫേസ്‌ബുക്‌.കോം എന്ന സൈറ്റ്‌ ആരംഭിച്ചു. ഫേസ്‌മാഷിന്റെ പരിഷ്‌കരിച്ച
പതിപ്പായിരുന്നു ഇത്‌. എന്നാല്‍ ആറു ദിവസം കഴിഞ്ഞപ്പോള്‍ ഹാര്‍വാര്‍ഡിലെ
മൂന്നു സഹപഠികള്‍ സക്കര്‍ബര്‍ഗിനെതിരേ രംഗത്തെത്തി.

തങ്ങളുടെ ആശയം അടിച്ചുമാറ്റിയാണ്‌ സക്കര്‍ബര്‍ഗ്‌ പുതിയ സവിധാനം
ഉണ്ടാക്കിയത്‌ എന്നായിരുന്നു പരാതി. ആരോപണത്തില്‍ കഴമ്പില്ലെന്ന
വാദത്തില്‍ സക്കര്‍ബര്‍ഗ്‌ ഉറച്ചുനിന്നെങ്കിലും വര്‍ഷങ്ങള്‍ നീണ്ട
കോടതിവ്യവഹാരങ്ങളുടെ തുടക്കമായിരുന്നു അത്‌.

ആദ്യകാലത്ത്‌ ഹാര്‍വാര്‍ഡിലെ വിദ്യാര്‍ത്ഥികളെമാത്രം
ഉള്‍പ്പെടുത്തിയിരുന്നു ‘ദ ഫേസ്‌ബുക്ക്‌‘ അമേരിക്കയിലെ മറ്റു വിദ്യാഭ്യാസ
സ്‌ഥാപനങ്ങളിലെ കുട്ടികള്‍ക്കുകൂടി തുറന്നുകൊടുത്തതോടെ കഥമാറി.
യുവാക്കള്‍ക്കിടയില്‍ ഹരമായതോടെ
ഫേസ്‌ബുക്കിനെ ഏറ്റെടുക്കാനായി നിരവധി
വമ്പന്‍ കമ്പനികള്‍ മുന്നോട്ടുവന്നു. എന്നാല്‍ മോഹിപ്പിക്കുന്ന
വാഗ്‌ദാനങ്ങള്‍ക്കു പിടികൊടുക്കാതെ സക്കര്‍ബര്‍ഗ്‌ ഒഴിഞ്ഞുമാറി.

ഫേസ്‌ബുക്കിനെ ഒരു സ്വതന്ത്ര വിവരവിനിമയ മാര്‍ഗമാക്കിത്തീര്‍ക്കണം
എന്നതായിരുന്നു തന്റെ ആശയമെന്നും അതുകൊണ്ടാണ്‌ ഫേസ്‌ബുക്കിന്റെ
ഓഹരിവില്‍ക്കാന്‍ അന്നു തയ്യാറാകാതിരുന്നതെന്നുമാണ്‌ ഇതിനെക്കുറിച്ച്‌
സക്കര്‍ബര്‍ഗ്‌ പിന്നീടു പറഞ്ഞത്‌. സക്കര്‍ബര്‍ഗിന്റെ തീരുമാനം
ശരിയായിരുന്നു എന്ന്‌ കാലം തെളിയിച്ചു.

എതിരാളികളെ നിലംപരിശാക്കി അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു
ഫേസ്‌ബുക്കിന്റെ വളര്‍ച്ച. സൗജന്യവും സ്വതന്ത്രവുമായ ഒരു
ഫേസ്‌ബുക്കിനുമാത്രമേ അതു സാധ്യമാകുമായിരുന്നുള്ളൂ.

സുദീര്‍ഘമായ പ്രണയത്തിനൊടുവിലാണ്‌ ചൈനക്കാരി പ്രിസില ചാനിനെ
സക്കര്‍ബര്‍ഗ്‌ വിവാഹം കഴിച്ചത്‌. തന്റെ സ്വത്തിന്റെ പകുതി ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കുമെന്ന പ്രതിജ്‌ഞയെടുത്തിടുത്തിട്ടുള്ള
സക്കര്‍ബര്‍ഗിന്റെ സ്വപ്‌നം കൂടുതല്‍ സ്വതന്ത്രവും സുതാര്യവുമായൊരു
ലോകമാണ്‌.