ഭർത്താവ് കയ്യും കാലും കെട്ടി ബലാത്സംഗം ചെയ്തു; ജീവിതം തിരിച്ചുപിടിച്ച് ജാസ്മിൻ; വേദനകൾക്ക് മുന്നിൽ കീഴടങ്ങാത്ത ജീവിത കഥ..!!

1558

ജീവിതം എന്നത് എങ്ങനെ ഒക്കെ ആണ്. ഒന്ന് ആഞ്ഞുപിടിച്ചാൽ ഏതൊരു വേദനയും മറികടന്ന് ദേ ഈ 24 കാരിയെ പോലെ ജീവിത വഴിയിൽ തിരിച്ചെത്താം. ‘ഞാൻ എന്നാണോ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചതു അന്ന് എനിക്ക് എന്റെ ജീവിതം തിരിച്ചു കിട്ടി’ ഇത് വെറും വാക്കായിരുന്നില്ല. നിശ്ചയദാർഢ്യത്തിന്റെ വാക്കുകൾ തന്നെ.

ചെറുപ്പത്തിൽ തന്നെ രണ്ടു വിവാഹങ്ങൾ കണ്ണുകൾ മരവിപ്പിക്കുന്ന വേദനകൾ. ജനിച്ചു വീഴും മുന്നേ കുഞ്ഞു നഷ്ടമായ വേദന. ഇതെല്ലാം മറികടന്ന് ജീവിതം തിരിച്ചു പിടിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്നും തനി നാടൻ പെൺകുട്ടിയായി പ്ലസ് ടു വരെ മാത്രം വിദ്യാഭ്യാസമുള്ള ജാസ്മിൻ എം മൂസ. മൂന്നു കൊല്ലങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒക്കെ ആയിരുന്നു ജാസ്മിൻ. എന്നാൽ ഇന്ന് കഥയും കാലവും മാറി. ഇന്ന് ഫിറ്റ്നസ് ട്രെയിനർ ആണ് ജാസ്മിൻ. ജാസ്മിന്റെ ജീവിത കഥയിൽ കൂടി…

സ്കൂളിലെ ഹോംവർക്കിനെക്കുറിച്ചോർത്ത് ആവലാതിപ്പെട്ട് സിപ് അപും കഴിച്ച് വീട്ടിൽ കയറിവന്നപ്പോൾ അവിടെ 2 പേർ. പെണ്ണുകാണാൻ വന്നതാണെന്ന്. 17 കഴിഞ്ഞിട്ടേ ഉള്ളൂ അന്ന്. പ്ലസ്ടു പരീക്ഷ കഴിഞ്ഞതും കെട്ടിച്ചു. ചെക്കനെ കണ്ടതു തന്നെ ആദ്യരാത്രിക്ക്. ഇതെന്താണപ്പാ സംഭവംന്ന് പേടിച്ചിരിക്കുമ്പോൾ ആള് വന്ന് വല്ലാത്ത രീതിയിൽ കേറിപ്പിടിച്ചു. കാറിക്കൂവി അമ്മായിഅമ്മേടെ മുറിയിൽ കിടന്ന് നേരം വെളുപ്പിച്ചു. അതിനിടയിൽ വീട്ടിൽ അറി‍ഞ്ഞു ചെക്കന് ഓട്ടിസമാണെന്ന്. ബാപ്പ രാവിലെ വന്ന് വീട്ടിലേക്കു കൂട്ടി. എങ്ങനെയെങ്കിലും ഒത്തുപോണമെന്ന മട്ടിലായിരുന്നു നാട്ടുകാർ.

ഒരു കൊല്ലം കഴിഞ്ഞ് ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു വിവാഹമോചനം വേണംന്ന്. പിന്നെ ‘കെട്ടിചൊല്ലിയവൾ’ എന്നു പേരായി. നിന്നെ ഒഴിവാക്കില്ലേ എന്നു കേട്ടുമടുത്തു. അടുത്ത കല്യാണത്തിനായി വീട്ടുകാർക്ക് തിടുക്കം. വന്നയാളോട് എല്ലാം തുറന്നു പറഞ്ഞു നന്നായി ജീവിക്കാൻ ആഗ്രഹമുണ്ടെന്നും. അതിനെന്താ കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ നമുക്കു ജീവിക്കാം എന്നു മറുപടി കേട്ടപ്പോൾ സ്വർഗം കിട്ടിയപോലെ. പിന്നെയും ആദ്യരാത്രി.

മുറിയിലേക്കു കയറിവന്ന അയാൾ എന്റെ കരണത്ത് ഒറ്റയടി. രണ്ടാം ചരക്കല്ലേ എന്നു പറഞ്ഞു കയ്യും കാലും കെട്ടിയിട്ടു ബലാൽസംഗം ചെയ്തു. ദിവസവും ഇതു തന്നെ. അടികൊണ്ട് കയ്യെല്ലാം കല്ലിച്ചു നീലിച്ചതു മറയ്ക്കാൻ നീളൻകുപ്പായമിട്ടു. ആരോടും ഒന്നും പറഞ്ഞില്ല. പേടിച്ചിട്ടാണേ. അങ്ങനെ പേടിപ്പിച്ചാണല്ലോ വളർത്തീത്. അയാള് കൊക്കെയ്ൻ ഉപയോഗിക്കുമെന്നു പിന്നീടറിഞ്ഞു. അതിനിടയിൽ ഗർഭിണിയായപ്പോൾ സന്തോഷം തോന്നി. എന്തെങ്കിലും പ്രതീക്ഷയുണ്ടല്ലോ.

പക്ഷേ വിവരം പറഞ്ഞയുടൻ അയാൾ എന്റെ വയറ്റിൽ ആഞ്ഞുതൊഴിച്ചു. കരഞ്ഞുകൊണ്ടു വീണുപോയി. എല്ലൊക്കെ നുറുങ്ങും പോലെ. ബ്ലീഡിങ്ങും. ഒരുതരത്തിൽ വീട്ടിൽ അറിയിച്ചു. ഉമ്മ വന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഗർഭപാത്രത്തിലേക്കുള്ള ട്യൂബ് മുറിഞ്ഞുപോയെന്നും ഉടൻ സർജറി നടത്തിയില്ലെങ്കിൽ മരിച്ചുപോകുമെന്നും പറഞ്ഞു. അയാൾ സർജറിക്കും സമ്മതിച്ചില്ല. പിന്നെ വീട്ടുകാർ നിർബന്ധിച്ചു നടത്തി. അതു കഴിഞ്ഞപ്പോ എന്നെ വേണ്ട എന്നായി.

സർട്ടിഫിക്കറ്റൊക്കെ എടുക്കാൻ ഞങ്ങൾ അയാൾടെ വീട്ടിൽ ചെന്നപ്പോൾ മുറിയിൽ കയറിയ ഉടൻ പിന്നെയും ആഞ്ഞുതൊഴിച്ചു. സ്റ്റിച്ചെല്ലാം പൊട്ടി മെഡിക്കൽ കോളജിൽ മരണത്തെ മുന്നിൽ കണ്ടു കിടന്നു കുറെ നാൾ. അയാളുടെ ക്രൂരതയിൽ എന്റെ കുഞ്ഞിനെ നഷ്ടമായി. മരിക്കണമെന്ന ഒറ്റ സ്വപ്നമേ അന്നുണ്ടായിരുന്നുള്ളൂ. പെട്ടെന്നു തലയിൽ കത്തി ഒന്നും ചെയ്യാത്ത ഞാൻ എന്തിനു മരിക്കണം. അയാളെ സുഖിക്കാൻ വിട്ടിട്ട്. അങ്ങനെ കേസ് കൊടുത്തു. പൊലീസ് പോലും പറഞ്ഞത് ഒത്തു പോകാനാണ്. പോരാടിപ്പോരാടി അയാളെ ജയിലിൽ ആക്കിയെങ്കിലും ജാമ്യം കിട്ടി. പിന്നെ വിവാഹമോചനത്തിനുള്ള ഓട്ടമായി.

കോടതിയിൽ പല പെൺകുട്ടികളും കൊല്ലങ്ങളായി കേസിനു പിന്നാലെയാണെന്നറിഞ്ഞപ്പോൾ ചിന്തിച്ചു എന്തിന് എന്റെ ജീവിതവും സമയവും ഊർജവും അയാളോടു പോരാടി കളയണം. നന്നായി ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത്. അങ്ങനെ ഒത്തു തീർപ്പിലൂടെ ഡിവോഴ്‍സ് വാങ്ങി. ജീവിക്കണം അതും നന്നായിത്തന്നെ എന്നു വാശിയായി. വാശിമൂത്ത് ഞാൻ രാജ്യം വിടുമോ എന്നോർത്ത് വീട്ടുകാർ പാസ്പോർട്ടെല്ലാം കത്തിച്ചു കളഞ്ഞു.

എങ്കിലും തളർന്നില്ല കയ്യിലുള്ള ഇച്ചിരി വിദ്യാഭ്യാസത്തിന്റെയും കൊച്ചിയിലുള്ള ഒരേയൊരു സുഹൃത്തിന്റെയും പിൻബലത്തിൽ അവിടെ ഫിറ്റ്നസ് സെന്ററിലെ റിസപ്ഷനിസ്റ്റ് ജോലിക്ക് അപേക്ഷിച്ചു. വഴക്കിട്ട് ഒരുതരത്തിൽ വീട്ടിൽ നിന്നിറങ്ങി. എന്റേതായ എല്ലാറ്റിനെയും വിട്ടുപോരാൻ ഒറ്റ ന്യായമേ മനസ്സിൽ വന്നുള്ളൂ ഞാൻ ഇവരുടെ മകളാണെങ്കിൽ സഹോദരിയാണെങ്കിൽ എന്റെ സന്തോഷം അവർ ആഗ്രഹിക്കില്ലേ. എന്റെ സന്തോഷം ആഗ്രഹിക്കാത്ത അവരൊക്കെ എന്റെ ആരെങ്കിലുമാണോ? ഇന്റർവ്യുവിൽ എന്റെ എല്ലാ കാര്യവും തുറന്നു പറഞ്ഞു.

അതുകേട്ട് എനിക്ക് ആ ജോലി തന്നത് ജിം സെന്റർ ഉടമയുടെ അമ്മയാണ്. അന്നുമുതൽ എന്നെ സ്വന്തം പോലെ കരുതുന്ന തണൽ. എന്റെ ശരീരത്തിന്റെ ദുർബലതയിൽ നിന്ന് പുറത്തുവരണമെന്ന ആഗ്രഹം അതിനിടയിൽ എപ്പോഴോ തോന്നി. പിന്നെ ഫിറ്റ്നസ് പരിശീലനമായി. അതോടെ ട്രെയിനർ ആകണമെന്നായി. ബെംഗളൂരുവിൽ പാർട് ടൈം ജോലി ചെയ്ത് ഫിറ്റ്നസ് ട്രെയിനിങ് സർട്ടിഫിക്കേഷൻ കോഴ്സ് ചെയ്തു. ട്രെയിനറായി.

ലൈഫിൽ പതിയെ പിടിച്ചു കയറി. ഈ രംഗത്തെ ഓരോരോ പടവുകളായി മുന്നേറണമെന്നാണു സ്വപ്നം. സ്ത്രീശരീരത്തിനും പരിമിതികളില്ലെന്നു തെളിയിക്കണം. ഇപ്പോഴും ഞാൻ കഷ്ടപ്പെട്ടാണു ജീവിക്കുന്നത്. പക്ഷേ അതിലൊരു സന്തോഷമുണ്ട്. സ്വന്തമായി മേൽവിലാസമുണ്ട്. അതിനിടയിൽ ഞാൻ എന്റെ കൂട്ടുകാരിയെ കണ്ടെത്തി.

ഞങ്ങൾ ഒരുമിച്ചാണു താമസിക്കുന്നതെന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ തൽക്കാലം നാട്ടുകാർ എന്റെ ജീവിതത്തിനു മാർക്ക് ഇടേണ്ട. അന്തസ്സുള്ള ജീവിതം തന്നെയാണ് എന്റേത്.